ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണും, ഐഫോണും, ടാബ്‌ലറ്റുകളും വിപണിയെ വൈവിധ്യപൂര്‍ണ്ണമാക്കി മാറ്റിക്കഴിഞ്ഞു. എന്നാല്‍ ഇതിനിടയിലുണ്ടാകുന്ന മോഷണങ്ങളും കുറവല്ല. ഈ പ്രശ്‌നം പരിഹരിക്കാനായിട്ടാണ് മോട്ടറോള ഉടമസ്ഥന്റെ വിരലടയാളം തിരിച്ചറിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിച്ചിരിക്കുന്നത്.

ആട്രിക്‌സ് എന്നാണ് ഫോണിന്റെ പേര്. ലോകത്തെ ഏറ്റവും ശക്തിയേറിയ സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് കമ്പനി ആട്രിക്‌‌സിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ വെറുമൊരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലിയില്‍ മാത്രം ആട്രിക്‌സിനെ വിശേഷിപ്പിച്ചാല്‍ ശരിയാകില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് ലാപ്‌ടോപ്, പി.സി, മീഡിയ സെന്റര്‍, സാറ്റലൈറ്റ്-നേവിഗേഷന്‍ സിസ്റ്റം എന്നിവയായി മാറാനുള്ള കഴിവും ആട്രിക്‌‌സിനുണ്ട്.

സുരക്ഷിതത്വം ഉറപ്പുവരുത്താനായാണ് ഉടമയുടെ വിരലടയാളം തിരിച്ചറിയുന്ന സംവിധാനം രൂപീകരിച്ചിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലെടുത്ത് സ്‌ക്രീനിലൂടെ വിരലുകളോടിച്ചാല്‍ ഇത് പ്രവര്‍ത്തനസജ്ജമാകും. അതായത് ഈ സ്മാര്‍ട്ട്‌ഫോണ്‍ അടിച്ചുമാറ്റാന്‍ തസ്‌കരന്‍മാര്‍ ശ്രമിക്കേണ്ടെന്നര്‍ത്ഥം!