ബെയ്ജിങ് : 2030 ഓടെ വാഹനങ്ങളില്‍ നിന്നുള്ള വാതക ബഹിര്‍ഗമനത്തില്‍ ഇന്ത്യയും ചൈനയും മുന്നിലെത്തുമെന്ന് റിപ്പോര്‍ട്ട്. വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ പകുതിയും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട്. ഗതാഗതവുമായി ബന്ധപ്പെട്ട മലിനീകരണം 2030 ആവുമ്പോഴേക്കും ആഗോളതലത്തില്‍ 57 ശതമാനം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യാ പെസഫിക് രാജ്യങ്ങള്‍ മുന്‍നിര സാമ്പത്തിക രാജ്യങ്ങളായി മാറുമ്പോഴേക്കും രാജ്യങ്ങള്‍ കാലാവസ്ഥാവ്യതിയാനം, ജലദൗര്‍ബല്യം, ജന്തു വംശനാശം, മാലിന്യംപ്രശ്‌നം തുടങ്ങിയ ഭീഷണികള്‍ നേരിടേണ്ടിവരുമെന്നും പഠനത്തില്‍ പറയുന്നു.

2008 ല്‍ നടത്തിയ പഠനമനുസരിച്ച് ഈ മേഖലയിലെ 45 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമല്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള വികസനങ്ങള്‍, അനിയന്ത്രിതമായ ജനസംഖ്യ, ഉപഭോഗത്വര എന്നിവയാണ് ഇവിടങ്ങളിലെ പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്നത്. സുസ്ഥിരമായ വികസനത്തിന് വേണ്ടി ഏഷ്യാപെസഫിക് രാജ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മികച്ച നയസമീപനങ്ങള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.