ന്യൂദല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  ട്രാഫിക് നിയമലംഘനം ഗൗരവമുള്ള കുറ്റമായി കണക്കാക്കുന്നതിനും തുടര്‍ച്ചയായി ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ചുമത്തുന്നതിനു പുറമേ തടവുശിക്ഷയും നല്‍കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം.

ട്രാഫിക് നിയമ ലംഘനത്തിനും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴയും തടവു ശിക്ഷയും വരെ ലഭിക്കുന്ന തരത്തിലാണ് ഭേദഗതിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് രക്തത്തിലെ മദ്യത്തിന്റെ അളവ് അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. െ്രെഡവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് 2000 മുതല്‍ 5000 രൂപ വരെ പിഴ ചുമത്താനും കുറ്റം ആവര്‍ത്തിച്ചാല്‍ 5000 വരെ പിഴ ഈടാക്കാനും നിയമം കൊണ്ടുവരും. ചുവന്ന സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും 500 മുതല്‍ 1500 രൂപവരെ പിഴ ചുമത്താനും നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കും ശിക്ഷ നല്‍കാന്‍ ഭേദഗതി കൊണ്ടുവരും. കൂടാതെ, വാഹനാപകടത്തിന് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക കൂട്ടാനും തീരുമാനമായി. ഭേദഗതി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരും.

Malayalam news

Kerala news in English