എഡിറ്റര്‍
എഡിറ്റര്‍
തൃശ്ശൂരില്‍ നഴ്‌സുമാര്‍ക്ക് പോലീസ് മര്‍ദ്ദനം; അറസ്റ്റ്
എഡിറ്റര്‍
Wednesday 21st November 2012 12:30pm

തൃശ്ശൂര്‍: മദര്‍ ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ പോലീസ് നെഴ്‌സുമാരെ മര്‍ദ്ദിക്കുകയും ചെയ്തു. 2000ത്തോളം നഴ്‌സുമാരാണ് ഉപരോധസമരത്തില്‍ പങ്കെടുത്തത്. സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മീഡിയേഷന്‍ സമിതി ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

നഴ്‌സുമാര്‍ നടത്തിയ ഉപരോധ സമരം ആശുപത്രി പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പോലീസ് അവകാശപ്പെട്ടു.

ഡിസംബര്‍ ആദ്യം മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്നായിരുന്നു സമരക്കാര്‍ അറിയിച്ചത്.  ഇന്ന് മുതല്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരെയും സമരത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. മദര്‍ ആശുപത്രിക്ക് മുന്നില്‍ ജില്ലയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം 75 ദിവസം പിന്നിടുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നഴ്‌സ് പി. രശ്മി ആരംഭിച്ച നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടു കഴിഞ്ഞിരുന്നു.

Ads By Google

മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുക, മിനിമം വേതനം നിശ്ചയിക്കുക ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

ശമ്പളവര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന 15 പേരെ പിരിച്ചുവിടുകയും ഇതില്‍ മാനേജ്‌മെന്റ് യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാലസമരം നടത്താന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്.

സമരത്തിലാണെങ്കിലും അത്യാവശ്യഘട്ടത്തില്‍ ഔചിത്യപൂര്‍വ്വം ഇടപെടുമെന്നും പെരുമാറുമെന്നും അത്യാഹിത വിഭാഗത്തില്‍ ജോലിയ്ക്ക് ഹാജരാകുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ ഒരു നഴ്‌സിന്റെ ഡ്യൂട്ടി സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് സമരം തുടങ്ങിയത്.

കഴിഞ്ഞ സെപ്തംബര്‍ 5 മുതലാണ് മദര്‍ ആശുപത്രിയില്‍ സമരം തുടങ്ങിയത്. മാനേജ്‌മെന്റിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി മറ്റ് ആശുപത്രികളിലെ നഴ്‌സുമാര്‍ രംഗത്തെത്തിയത്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്.

Advertisement