ടെഹ്‌റാന്‍: ഇറാനില്‍ പിടിക്കപ്പെട്ട ഇസ്രായേല്‍ ചാരനെ തൂക്കിക്കൊന്നതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സി ഐ.ആര്‍.എന്‍.എ. റിപ്പോര്‍ട്ട് ചെയ്യുന്നു. അലിഅക്ബര്‍ സിഡാറ്റി എന്ന  ചാരനെ ടെഹ്‌റാന്‍ ജയിലില്‍ തൂക്കികൊല്ലുകയായിരുന്നു.

ഇസ്രായേല്‍ ചാരന്റെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചാലുടന്‍ നടപ്പിലാക്കുമെന്ന് ഇയാഴ്ചയാദ്യം ഇറാന്റെ നീതിന്യായ വിഭാഗം വ്യക്തമാക്കിയിരുന്നു. അലിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് വിചാരണ നടന്നതെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

Subscribe Us:

ഐ.ആര്‍.എന്‍.എ നല്‍കുന്ന വിവരപ്രകാരം 2004ലാണ് അലി അക്ബര്‍ ചാരപ്പണി തുടങ്ങിയത്. 2008ല്‍ ഇറാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

ഇറാന്‍ സൈനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രായേലിന് നല്‍കി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. കൂടാതെ ആര്‍മിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും ഇയാള്‍ ഇസ്രായേലിന് കൈമാറിയതായി പറയുന്നു.