ലണ്ടന്‍: 22 പേരുടെ മരണത്തിന് ഇടയാക്കിയ മാഞ്ചസ്റ്റര്‍ ബോംബാക്രമണം നടത്തിയാളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ തയ്യാറാകാതെ യു.കെയിലെ പള്ളി അധികാരികള്‍.

Subscribe Us:

സല്‍മാന്‍ അബേദിയെന്ന യുവാവിന്റെ മൃതദേഹം പള്ളിയില്‍ അടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പള്ളിയുടെ നിലപാട്.

കഴിഞ്ഞയാഴ്ചയായിരുന്നു മാഞ്ചസ്റ്റര്‍ ബോംബാക്രമണം. ലിബിയന്‍ പൗരനായ 22 കാരനായിരുന്നു ബോംബാക്രമണം നടത്തിയത്. ഇയാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഏരിയയിലെ പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്.


Dont Miss  ബാഹുബലിയില്‍ നന്നായി അഭിനയിച്ചതാര്? രാജമൗലിയുടെ ഈ മറുപടി ഞെട്ടിക്കും തീര്‍ച്ച


എന്നാല്‍ മോസ്‌ക്ക് കൗണ്‍സിലും ഫ്യൂണറല്‍ ഡയരക്ടര്‍മാരും അബേദിയുടെ മൃതദേഹം പള്ളിയില്‍ സംസ്‌ക്കരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുക്കുകയായിരുന്നു. അബേദിയുടെ മൃതദേഹം ഇപ്പോള്‍ നഗരത്തിന് പുറത്ത് ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാഞ്ചസ്റ്ററില്‍ നടത്തിയ ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 50 പേര്‍ ഇപ്പോള്‍ നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ബോംബാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തില്‍ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേരെ ചോദ്യം ചെയ്യലിന് ശേഷം വെറുതെ വിടുകയും 13 പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.