എറണാകുളം: മംഗലാപുരം, ബാംഗ്ലൂര്‍ മോഡല്‍ സദാചാരപോലീസ് കേരളത്തിലും. എറണാകുളം കാക്കനാട്ടാണ് സദാചാരപോലീസ് തങ്ങളുടെ ‘ധാര്‍മ്മിക രോഷം’ പ്രകടിപ്പിച്ചത്. നൈറ്റ് ഡ്യൂട്ടിയ്ക്ക് പോവുകയായിരുന്ന യുവതിയെയാണ് സദാചാരലംഘനം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിച്ചത്. ബൈക്കില്‍ ഡ്യൂട്ടിയ്ക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശി തെസ്‌നീം ബാനുവിനോട് ഓട്ടോയിലെത്തിയ സംഘം തട്ടിക്കയറുകയായിരുന്നു.

ഇത് കേരളമാണെന്നും ബാംഗ്ലൂരല്ലെന്നും സംഘം ആക്രോശിച്ചു. താന്‍ ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സംഘം യുവതിയുടെ മുഖത്തടിച്ചു. ശക്തമായ അടിയാണ് ഏറ്റതെന്നും തനിക്ക് ബോധം നഷ്ടപ്പെടുന്നത് പോലെ അനുഭവപ്പെട്ടുവെന്നും യുവതി പറയുന്നു.

യുവതി ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും അക്രമികള്‍രക്ഷപ്പെടുകയായിരുന്നു. ആക്രമികളെ കാണിച്ചുകൊടുത്താല്‍ നടപടിയെടുക്കാനമെന്നു പറഞ്ഞ തൃക്കാക്കര പോലീസ് കാര്യക്ഷമമായി നടപടിയെടുക്കുന്നില്ലെന്ന് യുവതി പരാതിപ്പെട്ടു.

കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിലെ ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ ശ്രീരാമസേന വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. ഇന്ത്യയുടെ സദാചാരമൂല്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് അവിടെ ആക്രമണം നടന്നത്. ഇതുപോലുള്ള ആക്രമണമാണ് ഇവിടെയും നടന്നതെന്നാണ് സൂചന.