എഡിറ്റര്‍
എഡിറ്റര്‍
‘മതമല്ല മനുഷ്യത്വമാണ് സമൂഹത്തിന് ആവശ്യം’; വെല്ലുവിളികള്‍ മറികടന്ന് ശരീരം തളര്‍ന്നു പോയ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്‌ലിം യുവതി പറയുന്നു
എഡിറ്റര്‍
Friday 18th August 2017 11:20pm

തൃശ്ശൂര്‍: അവനൊരു ദളിത് യുവാവാണ്. കഴിഞ്ഞ പത്ത് കൊല്ലമായി അരയ്ക്ക് താഴോട്ട് തളര്‍ന്നു കിടക്കുകയാണ്. അവളൊരു മുസ്‌ലിം യുവതിയും. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ആ പരിചയം വളര്‍ന്നു വലുതായി. പ്രതിസന്ധികളെയെല്ലാം മറികടന്ന് കഴിഞ്ഞ ദിവസം കോട്ടയത്തെ പൂഞ്ഞാറിലെ അവന്റെ വീട്ടില്‍ വച്ച് ഇരുവരും വിവാഹിതരായി. പറഞ്ഞത് എം.ബി പ്രമോദെന്ന ദളിത് യുവാവിന്റേയും മെഹറുന്നീസയെന്ന മുസ് ലിം യുവതിയുടേയും വിവാഹത്തിന്റെ കഥാണ്.

കഴിഞ്ഞ മൂന്ന് മാസമായി ഗുരുവായൂര്‍ സ്വദേശിയായ മെഹറുന്നീസയ്ക്ക് സ്വന്തം സമുദായത്തില്‍ നിന്നും പല തരത്തിലുള്ള ഭീഷണികളും മുന്നറിയിപ്പുകളും സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കുടുംബക്കാര്‍ക്കും സമുദായത്തിലെ ചിലരും അവളോട് പറഞ്ഞത് പ്രമോദിനെ ഉപേക്ഷിക്കാനും കെണിയില്‍ നിന്നും രക്ഷപ്പെടാനുമായിരുന്നു. എന്നാല്‍ അതൊന്നും അവള്‍ വകവെച്ചില്ല.

‘ ശാരീരകമായി തളര്‍ന്നവരെ പൂര്‍ണ്ണാരോഗ്യരായ നമ്മളല്ലേ സ്‌നേഹിക്കേണ്ടതും അവരുടെ ജീവിതത്തില്‍ സന്തോഷം നിറയ്‌ക്കേണ്ടതും. മതത്തേക്കാള്‍ നാടിന് ആവശ്യം മനുഷ്യത്വമല്ലേ’ . എന്നാണ് മെഹറുന്നീസ ചോദിക്കുന്നത്.


Also Read:  ‘അടിപൊളി രാജ്യസ്‌നേഹം!’; സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസിന്റെ കൊടി വീശി ബി.ജെ.പി നേതാവ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


കേബിള്‍ ടി.വി ഓപ്പറേറ്ററായ പ്രമോദ് 2007 ല്‍ വീടനടുത്തുള്ള ഒരു വെള്ളക്കെട്ടില്‍ വീണതോടെയാണ് അരയ്ക്ക് താഴോട്ട് തളര്‍ന്നു പോയത്. ഒരുപാട് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും വീല്‍ച്ചെയറില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പ്രമോദിന് സാധിച്ചില്ല.

ഇതിനിടെയായിരുന്നു പ്രമോദിന്റെ മാതാപിതാക്കളായ മങ്ങാട്ടുക്കുന്നേല്‍ ബാലകൃഷ്ണനും സരസ്വതിയും ക്യാന്‍സര്‍ ബാധിതരാണെന്നറിയുന്നത്. 2013 കുടുംബത്തെ തനിച്ചാക്കി അച്ഛന്‍ യാത്രയായി. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. ഇതോടെ പ്രമോദിന്റെ ഏക ആശ്രയം സരസ്വതിയായി. പെന്‍ഷന്‍ കൊണ്ട് മാത്രമായിരുന്നു കുടുംബം കഴിഞ്ഞു പോയിരുന്നത്.

‘ഫെയ്‌സ്ബുക്കില്‍ സമയം കൊല്ലാറ് പതിവായിരുന്നു. അങ്ങനെയാണ് രണ്ട് വര്‍ഷം മുമ്പ് മെഹറുന്നീസയെ പരിചയപ്പെടുന്നത്. പരസ്പരം അടുത്തതോടെ, ഏതു പെണ്‍കുട്ടിയും എന്നെ ഉപേക്ഷിക്കുമായിരുന്ന, എന്റെ അവസ്ഥയേയും കുടുംബ പശ്ചാത്തലത്തേയും കുറിച്ച് ഞാനവളോട് പറഞ്ഞു.’ പ്രമോദ് പറയുന്നു.

പ്രമോദിനെ കുറിച്ച് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ അവരെല്ലാം തന്നെ നിരുത്സാഹപ്പെടുത്തിയെന്നും ജീവിതം നശിച്ചു പോകുമെന്ന് ഉപദേശിക്കുകയായിരുന്നുവെന്നും മെഹറുന്നീസ പറയുന്നു. എന്നാല്‍ മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതല്ലേ വലുതെന്ന് താന്‍ ചിന്തിച്ചെന്നും തന്റെ അമ്മയെ കുറിച്ച് പ്രമോദ് പറഞ്ഞതു മുതല്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മെഹറുന്നീസ പറയുന്നു.

ബുധനാഴ്ച്ചയായിരുന്നു സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഗ്രാജൂവേറ്റായ മെഹറുന്നീസയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രചരണമുണ്ടായിരുന്നു.

‘എന്റെ കുടുംബക്കാരും മറ്റും കരുതിയിരുന്നത് ഞാന്‍ കെണിയില്‍ പെട്ടതാണെന്നായിരുന്നു. മുസ് ലിം പെണ്‍കുട്ടി ഹിന്ദു യുവാവിനൊപ്പം പോകുന്നുവെന്ന് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നെ തിരിച്ച് കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ എനിക്കെതിരെ ഭീഷണിയൊന്നുമുണ്ടായിരുന്നില്ല’ മെഹറുന്നീസ വ്യക്തമാക്കുന്നു.

വിവാഹത്തെ എല്ലാവരും മതത്തിന്റെ കണ്ണോടെയാണ് നോക്കുന്നതെന്നും എന്നാല്‍ താന്‍ ഇതുവരേയും മതം മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അതിനെ കുറിച്ച് പ്രമോദിന്റെ വീട്ടിലാരും പറയാറില്ലെന്നും അവര്‍ പറയുന്നു.

Advertisement