തിരുവനന്തപുരം: കേരള പൊലീസില്‍ മുന്നൂറിലേറെ ക്രിമിനലുകള്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്. ഭരണം മാറുന്നതിനനുസരിച്ചു പൊലീസ് അസോസിയേഷന്റെ നിറവും മാറുന്നത് സേനയെ അപകടകരമായ രാഷ്ട്രീയവല്‍ക്കരണ ത്തിലേക്കാണു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘പൊലീസ് സേനയിലെ കുറ്റവാസന എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ 3% ആളുകള്‍ ക്രിമിനല്‍ വാസനയുള്ളവരായിരിക്കും. ഈ കണക്കു വച്ചു നോക്കുമ്പോള്‍ കേരള പൊലീസില്‍ 1600 പേര്‍ ക്രിമിനല്‍ വാസനയുള്ളവരായിരിക്കാം. വിവിധ കേസുകളില്‍ പ്രതിയായ 84 പേര്‍ പോലീസിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലാണ്. ഇങ്ങനെ നോക്കുമ്പോള്‍ കേരള പൊലീസ് അത്രമാത്രം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ്, പരിശീലനം, സര്‍വീസ് എന്നീ ഘട്ടങ്ങളിലാണു ക്രിമിനലുകള്‍ സൃഷ്ടിക്കപ്പെടുന്നത്.

Subscribe Us:

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ 1973 മുതലാണു സേനയില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. ഇത്തരക്കാര്‍ പോലീസിനെത്തിയതിനുപിന്നില്‍ മന്ത്രിമാര്‍ക്കും പങ്കുണ്ട്. ഇവരുടെ ബന്ധുക്കളാണ് അനധികൃതമായി സേനയില്‍ പ്രവേശിക്കപ്പെട്ടവരില്‍ മിക്കവരും. ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ രണ്ടു ക്രിമിനല്‍ കേസുകളിലും ഒരു വിജിലന്‍സ് കേസിലും പ്രതിയായയാളെ എടുക്കാന്‍ പറ്റില്ലെന്നു താന്‍ പറഞ്ഞതാണ്. കോടതി നിര്‍ദേശ പ്രകാരം സര്‍വീസിലെത്തിയ ഇയാള്‍, ഇപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

അടിയന്തരമായി പരിശീലന സംവിധാനങ്ങളില്‍ മാറ്റം വരുത്തണം. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച അതിക്രൂരമായ പരിശീലനരീതിയാണ് ആദ്യം മാറ്റേണ്ടത്. അസഭ്യം പറയാനറിയാത്തവര്‍ പോലീസുകാരനാവില്ല എന്ന മനോഭാവവും മാറണം. പരിശീലന പരിഷ്‌കരണത്തിനായി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കാനായിട്ടില്ല.

മാലാഖമാര്‍ പൊലീസില്‍ എത്തിയാലും സര്‍വീസ് കഴിയുമ്പോഴേക്കും ക്രിമിനലായി മാറുന്ന അവസ്ഥ ചിലയിടത്തുണ്ട്. സ്‌റ്റേഷനുകളിലെ ‘താപ്പാനകള്‍ അവരുടെ ‘ഗുണം പകര്‍ന്നു നല്‍കിയിട്ടേ വിരമിക്കൂ. മുപ്പതു കൊല്ലമായി ഒരേ ജില്ലയില്‍ തുടരുന്നവര്‍ ഇന്നുണ്ട്. ഇവരുടെ വീട്ടിലെ പെട്ടിയില്‍ ഖദറും ചുവപ്പും ഉടുപ്പുകള്‍ ഉണ്ടാവും. ഭരണം മാറുന്നതിനനുസരിച്ച് ഇവര്‍ ഉടുപ്പുകളും മാറ്റും.