എഡിറ്റര്‍
എഡിറ്റര്‍
ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ് : 100 ലേറെ മരണം
എഡിറ്റര്‍
Saturday 9th November 2013 10:08am

Philippines-typhoon

മനില: ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. വൈദ്യുതിവാര്‍ത്താവിനിമയ ബന്ധങ്ങള്‍ വ്യാപകമായി തകര്‍ന്നിരിക്കുകയാണ്.

പലയിടത്തും മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.ലോകത്ത് ഈ വര്‍ഷം വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണിത്.

മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്.  ചുഴലിക്കാറ്റ് നാശംവിതച്ച ലെയ്റ്റ് ദ്വീപിലെ ടാക്ലോബാന്‍ നഗരത്തിലാണ് നൂറോളം പേര്‍ മരിച്ചതെന്ന് ഫിലിപ്പീന്‍സ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ജോണ്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഫിയാന്‍ ആഞ്ഞടിക്കുമെന്ന് കരുതിയ മേഖലകളില്‍ നിന്ന് 7,20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതാണ് ആളപായം കുറയാന്‍ കാരണം.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോ ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കാറ്റിന് സാധ്യതയുള്ള തീരമേഖലകളില്‍നിന്നുമാത്രം ഒന്നരലക്ഷം പേരെയാണ് ഒഴിപ്പിച്ചത്.

മധ്യ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹയാന്‍ ചുഴലിക്കാറ്റ് വീശിയത്.

രാജ്യത്തെ 13 വിമാനത്താവളങ്ങളും അടച്ചു. വൈദ്യുതിനിലയങ്ങളും അടച്ചുപൂട്ടിയതോടെ രാജ്യം പൂര്‍ണമായും ഇരുട്ടിലായി. വാര്‍ത്താവിനിമയ സംവിധാനങ്ങളും നിലച്ചു.

മനിലക്ക് 600 കിലോമീറ്റര്‍ അകലെയുള്ള സമര്‍ ദ്വീപിലാണ് ഫൈയാന്റെ ആദ്യം പ്രഹരം. തീരത്ത് 15 അടിയിലേറെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചുകയറുന്നുണ്ട്. കഴിഞ്ഞ മാസം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തകര്‍ന്ന ബൊഹോല്‍ ദ്വീപിലും കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. ഭൂചലനത്തില്‍ ഇവിടെ 222 ലേറെ പേര്‍ മരിച്ചിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കാവും ഉരുള്‍പൊട്ടലുമുണ്ടായി.

Advertisement