എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്ത് പ്രതിവര്‍ഷം കാണാതാവുന്നത് ഒരു ലക്ഷത്തിലധികം കുട്ടികളെ ; പകുതിയലധികം പെണ്‍കുട്ടികള്‍
എഡിറ്റര്‍
Friday 8th August 2014 11:00am

child ന്യൂദല്‍ഹി: പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം കുട്ടികളെ ഇന്ത്യയില്‍ കാണതാകുന്നതായി ആഭ്യന്തര മന്ത്രാലയം. ഇവരില്‍ 45 ശതമാനത്തിലധികം പേരെ കുറിച്ചും അന്വേഷണം നടക്കാറില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന കണക്കനുസരിച്ച്, ഇന്ത്യയില്‍ ഒരോ മിനുട്ടിലും ഓരോ കുട്ടികളെ കാണാതുകുന്നുണ്ട്. കാണാതാകുന്നവരില്‍ 55 ശതമാനവും പെണ്‍കുട്ടികളാണ്. അവശേഷിക്കുന്ന 45 ശതമാനം കുട്ടികളെക്കുറിച്ച് തെളിവുകള്‍ പോലും അവശേഷിക്കുന്നില്ല. ഇവരെ കുറിച്ച് അന്വേഷണം പോലും നടക്കുന്നില്ലയെന്നതാണ് യഥാര്‍ഥ്യം. കൊല്ലപ്പെടുകയോ അല്ലെങ്കില്‍ യാചന, അനാശാസ്യം തുടങ്ങി മേഖലകളില്‍ ഇവര്‍ അകപ്പെട്ടിട്ടുണ്ടോ ഉണ്ടാകുമെന്നാണ് നിഗമനം.

2013 ഫെബ്രുവരി അഞ്ചിന് സുപ്രീംകോടതി ബെഞ്ച് കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച് വളരെ ഗൗരവമായി പരാമര്‍ശം നടത്തിയിരുന്നു. 1.7 ലക്ഷം കുട്ടികള്‍ കാണാതായിട്ടും സര്‍ക്കാര്‍ ഇതിനെ കുറിച്ച് ഗൗരവമായി ആലോചിക്കാതെ തള്ളിക്കളയുകയാണെന്നും ആര്‍ക്കും കാണാതാകുന്ന കുട്ടികളെ കുറിച്ച് ശ്രദ്ധയൊന്നുമില്ലെന്നും അന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിനിടെ ശേഷം ഒന്നര വര്‍ഷത്തെ ഇടവേളക്കിടയിലാണ് രാജ്യവ്യാപകമായി 1.5 ലക്ഷത്തിലധികം കുട്ടികളെ കാണാതായിരിക്കുന്നത്.

കുട്ടികളെ കാണാതാകുന്ന വിഷയത്തില്‍ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 50,000 കുട്ടികളെ ഇവിടെ നിന്ന് കാണാതായി. മധ്യപ്രദേശ്, ദല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 25,000ല്‍ കുറയാത്ത് കുട്ടികളെ ഈ കാലയളവില്‍ കാണാതായും ക്രൈം ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.

മഹാരാഷ്ട്രയില്‍ ആണ്‍ കുട്ടികളെക്കാള്‍ 10,000 പെണ്‍കുട്ടികളെ കാണാതായി. ആന്ധ്ര പ്രദേശില്‍ കാണാതായ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടെ ഇരട്ടിയാണ്. 11,625 പെണ്‍കുട്ടികളും 6,915 ആണ്‍കുട്ടികളും. മധ്യപ്രദേശില്‍ ആണ്‍കുട്ടികള്‍ കാണാതായവര്‍ 9,000 ആണെങ്കില്‍ പെണ്‍കുട്ടികളുടെ എണ്ണം 15,000 ആയി ഉയര്‍ന്നു. രാജ്യ തലസ്ഥാനമായ ദല്‍ഹിയിലും പെണ്‍കുട്ടികളെയാണ് കൂടുതലും കാണാതാകുന്നത്. കാണാതായ പെണ്‍കുട്ടികള്‍ 10,581ഉം ആണ്‍കുട്ടികള്‍ 9,367ഉം പേര്‍ ആണ്.

ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം അവസാനം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വിവരമനുസരിച്ച് 2011 മുതല്‍ 2014 ജൂലായ് വരെയുള്ള കാലയളവില്‍ 3.25 ലക്ഷം കുട്ടികളെ കാണാതായിട്ടുണ്ട്. പ്രതിവര്‍ഷം കാണാതാകുന്ന ഒരു ലക്ഷത്തിലധികം കുട്ടികളെ കുറിച്ച് ഒരു വിവരവുമില്ലെന്നര്‍ത്ഥം.

അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്. പ്രതിവര്‍ഷം 3,000 കുട്ടികള്‍ കാണാതാകാറുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജനസംഖ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചൈനയിലും കാണാതാകുന്ന കുട്ടികളുടെ എണ്ണം കുറവാണ്.  പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളുടെ എണ്ണം 10,000മാണ്.

Advertisement