ന്യൂദല്‍ഹി: കിങ്ഫിഷറിന്റെ 20 ഓളം വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. കിങ്ഫിഷര്‍ സി.ഇ.ഒ സജ്ജയ് അഗര്‍വാളിനോട് ഡി.ജി.സി.ഐയ്ക്ക്(സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ )മുന്നില്‍ ഹാജരാകാന്‍ പറഞ്ഞതിനു പിന്നാലെയാണ് കിങ്ഫിഷര്‍
ഇന്നും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയത്.

മുംബൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും പോകേണ്ടിയിരുന്ന 30 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ടിക്കെറ്റുടുത്ത് തയ്യാറായി നിന്ന യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെയാണ് ഇന്നും വിമാനങ്ങള്‍ റദ്ദാക്കിയത്.

Subscribe Us:

കിങ്ഫിഷര്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് മാര്‍ച്ച് 3 വരെ അടച്ചിടും. കിങ്ഫിഷറിന്റെ കീഴിലുള്ള 64 വിമാനങ്ങളിലെ പൈലറ്റുമാര്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പിരിഞ്ഞുപോയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് അറിയുന്നത്. മറ്റ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി വേതനം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ദാക്ക, കാഡ്മണ്ടു, ബാംഗ്‌കോക്ക്, കൊലബോ തുടങ്ങിയിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് ഇന്നലെ നിര്‍ത്തിവെച്ചത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് സിവില്‍ ഏവിയേഷന്‍ മിനിസ്റ്റര്‍ അജിത് സിംഗ് അഭിപ്രായപ്പെട്ടു. ആര്‍. ബി.ഐ മുഖാന്തരമുള്ള സേവനത്തിന് ഗവണ്‍മെന്റ് തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ കിങ്ഫിഷറിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാം, യാത്രക്കാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം എന്നാല്‍ അതിന് സാധിക്കുന്നില്ല. ഡി.ജി.സി.എ  ഈ അവസ്ഥ മനസ്സിലാക്കണം’. അദ്ദേഹം വ്യക്തമാക്കി.

കിങ്ഫിഷറിലെ ജോലിക്കാര്‍ക്ക് വേതനം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി അവര്‍ സമരത്തിലാണ്. കിങ്ഫിഷര്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുള്ളു. നിയമങ്ങള്‍ അനുശാസിക്കാതെയും യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെയുമുള്ള കിങ്ഫിഷറിന്റെ  നടപടിയില്‍ കടുത്ത വിമര്‍ശനമാണ് ഡി.ജി.സി.എ ഉന്നയിച്ചത്.

എന്നാല്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതിനാല്‍ 32 വിമാന സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയതെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. മൂന്നോ നാലോ ദിവസം കൂടി ഈ അവസ്ഥ തുടര്‍ന്നേക്കുമെന്നും കിങ്ഫിഷര്‍ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതാണു സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്ന വാര്‍ത്തകള്‍ കിങ്ഫിഷര്‍ നിഷേധിച്ചു. വിമാന സര്‍വീസുകള്‍ ഒന്നും വെട്ടിക്കുറച്ചിട്ടില്ലെന്നും അപ്രതീക്ഷിതമായ സംഭവങ്ങളെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതെന്നുമാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചത്.

അതേ സമയം കിംഗ്ഫിഷര്‍ വിമാനകമ്പനിക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനാകില്ലെന്ന് വ്യോമയാനമന്ത്രി അജിത് സിംഗ് വ്യക്തമാക്കി. ബാങ്കുകളോടോ സ്വകാര്യ സംരഭകരോടോ കിംഗ്ഫിഷറിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിക്കില്ലെന്നും അജിത് സിംഗ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Malayalam News

Kerala News In English