എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ സ്വാകാര്യ ഐ.ടി പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നു
എഡിറ്റര്‍
Saturday 13th October 2012 9:10am

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ ഐ.ടി. നിക്ഷേപാവസരം സൃഷ്ടിക്കുന്നതിന് സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നു. സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കുകളില്‍ മുപ്പതുശതമാനം സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

Ads By Google

സ്വകാര്യ മേഖലയില്‍ നിര്‍മിക്കുന്ന ഐ.ടി.പാര്‍ക്കുകള്‍ക്ക് വ്യാവസായിക ടൗണ്‍ഷിപ്പ് ആക്ടിന്റെ പരിരക്ഷ നല്‍കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും.

ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഐ.ടി. നയത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐ.ടി.പാര്‍ക്കുകളുടെ മുപ്പത് ശതമാനം സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ അനുവദിക്കുന്നതാണ് മറ്റൊരു ശ്രദ്ധേയമായ വ്യവസ്ഥ.

സ്വകാര്യ പാര്‍ക്കുകളിലെ അമ്പതുശതമാനം ഭാഗം ഐ.ടി, ഐ.ടി അനുബന്ധ വ്യവസായങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മതി. കെട്ടിട വിസ്തൃതിയുടെ അഞ്ച് ശതമാനം ഭാഗം പുതിയ സംരംഭകര്‍ക്ക് മാറ്റിവെക്കണം.

കേരള സ്‌റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ.എസ്.ഐ.ടി.ഐ.എല്‍) കീഴിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഐ.ടി.പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

നഗരങ്ങളിലെ ഐ.ടി.പാര്‍ക്കുകള്‍ ഒഴികെയുള്ളവയില്‍ നിക്ഷേപകര്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് ഐ.ടി.വകുപ്പിന്റെ വിലയിരുത്തല്‍.

സര്‍ക്കാര്‍ ഐ.ടി.പാര്‍ക്കുകളുടെ മുപ്പത് ശതമാനം ഭാഗം മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ അപാകതയില്ലെന്നാണ്  സര്‍ക്കാറിന് ലഭിച്ച വിദഗ്‌ധോപദേശം. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ മൊത്തം കെട്ടിട നിര്‍മാണ വിസ്തൃതിയുടെ നാല്പത് ശതമാനം ഭാഗത്ത് ഐ.ടി ഇതര സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രധാന നിക്ഷേപകരായ ടീകോമിന് സര്‍ക്കാര്‍ നേരത്തേ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.

മെട്രോ സ്വഭാവമില്ലാത്ത സ്ഥലങ്ങളില്‍ ഐ.ടി.പാര്‍ക്കുകളില്‍ ജോലി ചെയ്യാന്‍ പ്രൊഫഷണലുകളെ കിട്ടാത്തതിനാലാണ് ടൗണ്‍ഷിപ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഐ.ടി.പാര്‍ക്കുകളോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടെങ്കില്‍ കൂടുതല്‍ കമ്പനികള്‍ നിക്ഷേപമിറക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

Advertisement