ന്യൂദല്‍ഹി: നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് അഴിമതി വിരുദ്ധ ഇന്ത്യ നേതാവ് അരവിന്ദ് കെജ്‌രിവാള്‍. അതേസമയം ആരോപണങ്ങള്‍ക്കും രാജി ആവശ്യങ്ങള്‍ക്കുമിടെ സല്‍മാന്‍ ഖുര്‍ഷിദ് ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കാണും.

Ads By Google

രാജിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് ഖുര്‍ഷിദ് ഇന്നലെ പ്രതികരിച്ചത്.

ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് നേതൃത്വം നല്‍കുന്ന സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് യു.പിയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന 71 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

എന്നാല്‍ തനിയ്ക്കും ഭാര്യയ്ക്കും എതിരെയുള്ള തെളിവുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഖുര്‍ഷിദ് ഇന്നലെ പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ തെരുവില്‍ ഉന്നയിക്കുന്ന കെജ്‌രിവാളിന് മറുപടി നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും ഖുര്‍ഷിദ് ഇന്നലെ പറഞ്ഞു.

അതേസമയം അരവിന്ദ് കെജരിവാളിന്റെ ലക്ഷ്യം വിലകുറഞ്ഞ പ്രശസ്തിയാണെന്ന് കേന്ദ്രമന്ത്രി വി.നാരായണസ്വാമി പ്രതികരിച്ചു. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ്. പാര്‍ലമെന്റ് നടപടികളെക്കുറിച്ചോ ജനാധിപധ്യത്തെക്കുറിച്ചോ കെജരിവാളിന് ഒന്നും അറിയില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം വിലകുറഞ്ഞ പ്രശസ്തി മാത്രമാണെന്നും ഇതിന് മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.