കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയും മറ്റ് പ്രതികള്‍ക്കെതിരെയും കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തിനുശേഷവും ദിലീപ് നടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് സിനിമാമേഖലയിലെ പല പ്രമുഖരുടെയും സഹായം തേടിയെന്നും കുറ്റപത്രത്തിലുണ്ട്. പൊതുസമൂഹത്തില്‍ തനിക്ക് അനുകൂലമായ വികാരമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതടക്കം നിരവധി വിമര്‍ശനങ്ങളാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത്.


Also Read:പാപത്തിന്റെ പ്രതിഫലമാണ് കാന്‍സറെന്ന് ആസാം ആരോഗ്യമന്ത്രി


അന്വേഷണം തന്നിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയ ദിലീപിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ് സിനിമാ മേഖലയിലെ പലരും നടി മുന്‍കരുതല്‍ എടുക്കേണ്ടിയിരുന്നു എന്ന തരത്തില്‍ പരാമര്‍ശം നടത്തിയത.ദിലീപിന് നടിയോടുള്ള പ്രതികാര മനോഭാവത്തിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അന്വേഷണ സംഘം പറയുന്നു.

ഇത് കൂടാതെ നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താന്‍ ആലുവയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനും ദിലീപ് ശ്രമിച്ചു. ഫെബ്രുവരി 14 മുതല്‍ 20 വരെ താന്‍ ഈ ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്നു എന്നാണ് ദീലിപിന്റെ വാദം.

എന്നാല്‍ ഈ ദിവസങ്ങളില്‍ രാമലീല സിനിമയുടെ ഷൂട്ടിംഗിനായി ദിലീപ് പങ്കെടുത്തിരുന്നു എന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.