മലപ്പുറം: അരീക്കോട് കുനിയില്‍ അതീഖ്‌റഹ്മാന്‍ വധക്കേസിലെ പ്രതികളായ ആസാദ്, അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരേക്കൂടി അറസ്റ്റ് ചെയ്തു.അതീഖുറഹ്മാന്റെ അയല്‍വാസികളും സുഹൃത്തുക്കളുമായ കുനിയില്‍ താഴത്തേയില്‍ കുന്നത്ത് ഉമ്മര്‍ (34), മുണ്ടശേരി വീട്ടില്‍ സുഡാനി റഷീദ് (22), കോഴിശേരി റാഷിദ് (23) എന്നിവരെയാണ് ഇന്നലെ പ്രത്യേക അന്വേഷണസംഘം ഡിവൈ.എസ്.പി: മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ മൂന്ന് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. സുമോ വാനില്‍ വന്ന് ആസാദിനെ വെട്ടിയവരാണ് മൂന്ന് പേരും. ആയോധന കലയില്‍ നിപുണനായ ഉമ്മര്‍ ആണ് അക്രമിസംഘത്തെ പരിശീലിപ്പിച്ചത്. നേരത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട അതീഖുര്‍റഹ്മാന്റെ വീടിന്റെ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പ്ലോട്ടില്‍ വെച്ചും മേലാപറമ്പ് കുന്നില്‍ മുകളില്‍ വെച്ചുമാണ് ഉമ്മര്‍ സംഘത്തിലുള്ളവരെ പരിശീലിപ്പിച്ചത്. വളരെ വൈകി മാത്രമാണ് ഉമ്മര്‍ കൊലപാതകത്തില്‍ പങ്കെടുത്തതായി പോലീസിന് മനസ്സിലാക്കാന്‍ സാധിച്ചത്.

കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടാല്‍ ഉമ്മറിന്റെ പേര് പോലീസിനോട് പറയരുതെന്നായിരുന്നു മറ്റുള്ളവരുടെ തീരുമാനം. പോലീസിന്റെ സമര്‍ത്ഥമായ നീക്കമാണ് ഉമ്മര്‍പിടിയിലാവാന്‍ കാരണം.

തെങ്ങുകയറ്റതൊഴിലാളിയായ ഉമ്മര്‍ തന്റെ തൊഴിലുപകരണമായ വെട്ടുകത്തി തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. കൊലക്കുശേഷം മറ്റു പ്രതികളെല്ലാം ആയുധങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ഉമ്മര്‍ ആയുധം കഴുകി വൃത്തിയാക്കി വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ഉമ്മറിന്റെ വീട്ടില്‍ നിന്നും ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ശനിയാഴ്ച അറസ്റ്റിലായ വടക്കേപാലി വീട്ടില്‍ മഹ്‌സൂം (27), മാതാനത്തുകുഴി ശബീര്‍ എന്ന ഉണ്ണിക്കുട്ടന്‍ (20) എന്നിവരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കേസില്‍ 15 പേരാണ് ഇതുവരേ പിടിയിലായത്.