ന്യൂദല്‍ഹി:രാജ്യത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ വീണ്ടും മുടങ്ങുന്നു.വിമാനത്തിനുള്ള വ്യോമ ഇന്ധനം എണ്ണക്കമ്പനികള്‍ വെട്ടിക്കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ മുടങ്ങുന്നത്.ഇന്ധനവിലയില്‍ വന്‍കുടിശ്ശിക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ ഈ നടപടി. ഒന്നരമാസമായുള്ള കുടിശ്ശികയില്‍ 22 കോടി രൂപയാണ് എയര്‍ ഇന്ത്യ ഐ.ഒ.സി യ്ക്കു നല്‍കാനുള്ളത്.

ഇതേത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള 5 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.

തിരുവനന്തപുരം-ചെന്നൈ, കൊച്ചി-ബാംഗ്ലൂര്‍, കൊച്ചി-ഷാര്‍ജ, കോഴിക്കോട്-മസ്‌കറ്റ്, തിരുവനന്തപുരം-കൊച്ചി-റിയാദ് എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. വൈകുന്നേരത്തോടെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്.

വിമാനം റദ്ദാക്കുന്നത് ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് തെന്നിന്ത്യന്‍ സര്‍വീസുകളെയാണ്.