കൊല്ലം; അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിന് ഇരയായ യുവാവ് അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. രണ്ടുപേരുടെ പേരുകള്‍ കുറിപ്പിലുണ്ട്. തന്റെ മരണത്തിന് കാരണം ധനേഷും രമേശുമാണെന്ന് കുറിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടേയും അനീഷിന്റേയും വീഡിയോ ചിത്രീകരിച്ചത് ധനേഷ് ആണെന്ന് അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഇന്നലെയായിരുന്നു പാലക്കാട് അട്ടപ്പാടിയിലെ തന്റെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്.

വാലന്റൈന്‍സ് ദിനത്തില്‍ സുഹൃത്തിനൊപ്പം അഴീക്കല്‍ ബീച്ച് കാണാനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇരുവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കളും മറ്റും പറയുന്നത്.

ഫെബ്രുവരി പതിനാലിനുണ്ടായ ആക്രമണത്തില്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ ബിജു, അഭിലാഷ്, ജിനേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.