എഡിറ്റര്‍
എഡിറ്റര്‍
സദാചാരഗുണ്ടായിസത്തെ തുടര്‍ന്ന് പയ്യോളിയില്‍ യുവതി ആത്മഹത്യ ചെയ്തു ; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Friday 10th March 2017 10:42am

കോഴിക്കോട്: സദാചാരഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. പയ്യോളി സ്വദേശിനിയായ റെയ്ഹാനത്താണ് മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ റഫീക്ക്, സായി, സുരാജ് എന്നിവര്‍ക്കെതിരെ പരാതി കൊടുത്തിരുന്നെങ്കിലും പൊലീസ് അന്വേഷണം നടത്തുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് യുവതിയുടെ സഹോദരന്‍ ബഷീര്‍ പറയുന്നു.

കുടുംബശ്രീ പ്രവര്‍ത്തകയായ റെയ്ഹാനത്തിന് ഫെബ്രുവരി 8 ന് എ.ഡി.എസ്സിന്റെ ക്ലാസുണ്ടായിരുന്നു. ഇതില്‍ പോകാനായി പയ്യോളിയിലുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ചിരുന്നു.

എന്നാല്‍ ഇതിന് ശേഷം അതേ ദിവസം രാത്രി റെയ്ഹാനത്തിന്റെ ഭര്‍ത്താവിന്റെ അകന്ന ബന്ധുവുമായ റഫീക്ക് എന്നയാളും ചിലയാളുകളും ചേര്‍ന്ന് ഓട്ടോ ഡ്രൈവറുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും അന്ന് രാത്രി തന്നെ റെയ്ഹാനത്തും കുട്ടികളും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഇവര്‍ വന്ന് യുവതിയോട് രൂക്ഷമായി സംസാരിക്കുകയുമായിരുന്നു. ഡ്രൈവറുമായി ഫോണ്‍ ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു റെയ്ഹാനത്തിനെ ഇവര്‍ ശകാരിച്ചത്.


Dont Miss മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് രജിഷയ്ക്കായിരുന്നില്ല: ഔസേപ്പച്ചന്‍


അവിടെ വെച്ച് തന്നെ ഇവരുടെ ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ഭാര്യയെ കയറൂരിവിട്ടിരിക്കുയാണോ എന്ന് ഇവര്‍ ചോദിച്ചിരുന്നു. അന്ന് രാത്രിയാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.

10 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ മനോവിഷമം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിരുന്നു. താന്‍ എന്തുപറഞ്ഞാലും നാട്ടുകാര്‍ വിശ്വസിക്കില്ലെന്നും തന്നെ എല്ലാവരുടേയും മുന്‍പില്‍ മോശമായി ചിത്രീകരിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി പറഞ്ഞിരുന്നു.

മരണശേഷം വീട്ടിലെത്തിയ പോലീസിനോട് തലേദിവസം രാത്രി ചിലയാളുകള്‍ വീട്ടില്‍ വന്ന് ഉമ്മയെ വഴക്കുപറഞ്ഞിരുന്നതായി റെയ്ഹാനത്തിന്റെ മകന്‍ മൊഴി നല്‍കിയിരുന്നെങ്കിലും പൊലീസ് ആരേയും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എവിടേയും എത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Advertisement