എഡിറ്റര്‍
എഡിറ്റര്‍
കായംകുളത്ത് സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദനം: ഒരാള്‍ പിടിയില്‍
എഡിറ്റര്‍
Saturday 2nd June 2012 8:00am

കായംകുളം: സദാചാര പോലീസ് ചമഞ്ഞ് രണ്ടുപേര്‍ചേര്‍ന്ന് നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തിയ തനൂജിനെയാണ് പിടികൂടിയത്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുകയാണ്.

കായംകുളം താലൂക്ക് ആശുപത്രിക്ക് കിഴക്കുവശത്തെ റോഡില്‍ നഗരസഭ നിര്‍മിച്ച ടാക്‌സി സ്റ്റാന്‍ഡ് ഷെഡ്ഡിലാണ് സംഭവം. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ സൂക്ഷിച്ചുനോക്കിയതാണ് മര്‍ദനത്തിന് കാരണമായി പറയുന്നത്. ഇടിയും തൊഴിയും ചവിട്ടുമേറ്റ് അവശനായ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു.

ഇത് സംബന്ധിച്ച് പരാതികളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഒരു യുവാവിനെ രണ്ടുപേര്‍ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും അടിക്കരുതെന്ന് യുവാവ് കാലുപിടിച്ച് അപേക്ഷിക്കുന്നതുമായ രംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കായംകുളം പോലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു.

നൂറനാട് സ്വദേശി ബിജിത്തിനാണ് മര്‍ദ്ദനമേറ്റതെന്ന് പോലീസ് തിരിച്ചറിഞ്ഞു. എരുവ കോയിക്കല്‍പ്പടി സ്വദേശികളായ ഫൈസലും ആഷിക്കുമാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Advertisement