എഡിറ്റര്‍
എഡിറ്റര്‍
സദാചാരപോലീസ് മര്‍ദ്ദിച്ചവശനാക്കിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
എഡിറ്റര്‍
Tuesday 17th April 2012 6:08am

തൃക്കരിപ്പൂര്‍: സദാചാര പോലീസ് ചമഞ്ഞ് ഒരുസംഘം ആളുകള്‍  മര്‍ദിച്ച യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ മധുരങ്കൈ കെ.ഭാസ്‌കരന്റെ മകന്‍ കെ.രജിലേഷ് (25)ആണ് മരിച്ചത്. തൃക്കരിപ്പൂരിനു സമീപം ഇളമ്പച്ചി തലിച്ചാലം റെയില്‍വേ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടത്.

സുഹൃത്ത് നിസാറുമായി ചേര്‍ന്ന് മെട്ടമ്മലില്‍ ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു രജിലേഷ്. കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളിലായി രജിലേഷിനെ ഒരു സംഘം മര്‍ദ്ദിച്ചവശനാക്കിയിരുന്നു. അന്യമതത്തില്‍പ്പെട്ട വെള്ളാപ്പിലെ യുവതിയുമായി രജിലേഷ് പ്രണയത്തിലായിരുന്നെന്നും ഇത് ഒഴിവാക്കണമെന്നും നിസാറുമായുള്ള പങ്ക് കച്ചവടം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. നിസാറുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്നും നാടുവിട്ടുപോകണമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി രജിലേഷിന്റെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിയ ഒരു സുഹൃത്ത് രജിലേഷിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കുകയും തൊട്ടടുത്ത ബീച്ച് റോഡിലെ പുഴക്കരയില്‍ വച്ച് സുഹൃത്തും ഏതാനും ആളുകളും ചേര്‍ന്നു ഭീകരമായി മര്‍ദിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് രജിലേഷിന്റെ മൊബൈല്‍കടയുടെ പാട്‌നര്‍ പടന്ന തെക്കേകാട് സ്വദേശിയും മെട്ടമ്മല്‍ താമസക്കാരനുമായ നിസാര്‍, വെള്ളാപ്പിലെ സുള്‍ഫി, സെമീര്‍, സഫീര്‍, സാജിദ്, അഷ്‌റഫ്, ബാസിത്ത് തുടങ്ങി ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികളുടെ വീടുകളില്‍ തിങ്കളാഴ്ച പോലീസ് റെയ്ഡ് നടത്തുകയും രണ്ട്‌പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഘത്തിന്റെ അക്രമത്തിന് ഇരയായതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. നിസാറാണ് കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. നിസാറുമായി ചേര്‍ന്നാണ് രജിലേഷ് പാട്‌നര്‍ഷിപ്പ് അടിസ്ഥാനത്തില്‍ മൊബൈല്‍കട നടത്തുന്നത്. മൊബൈല്‍കടയുടെ പാട്‌നര്‍ഷിപ്പില്‍ നിന്നും രജിലേഷിനെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനിടയിലാണ് വെള്ളാപ്പിലെ ഒരു വീട്ടില്‍ ടോര്‍ച്ച് അടിച്ചതുമായി ബന്ധപ്പെട്ട് രജിലേഷിനെ ഒരു സംഘം മര്‍ദ്ദിച്ചത്.

ഞായറാഴ്ച സുഹൃത്തുക്കള്‍ വിളിച്ചിറക്കിക്കൊണ്ടു പോയ രജിലേഷിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തുന്നതെന്നാണ്  രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ  മൊഴി. എന്നാല്‍ അടിയേറ്റ രജിലേഷിനെ അവശനിലയില്‍ വീട്ടില്‍ തിരികെ എത്തിച്ചതായി പറയുന്നുണ്ട്.

രജിലേഷ് ആത്മഹത്യചെയ്തതല്ലെന്നും ചിലര്‍ ചേര്‍ന്ന് കൊന്നതാണെന്നും ആരോപിച്ച് അച്ഛന്‍ സി.ഭാസ്‌കരന്‍ ചന്തേര പോലീസില്‍ പരാതിനല്‍കി. രജിലേഷിന്റെ ബിസിനസ് പാര്‍ട്ട്ണറടക്കം ഏഴുപേര്‍ക്കെതിരെയാണ് പരാതി. നീലേശ്വരം സി.ഐ. സുനില്‍കുമാര്‍, ചന്തേര എസ്.ഐ. ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.രുഗ്മിണിയാണ് രജിലേഷിന്റെ അമ്മ. സഹോദരന്‍: സുദര്‍ശന്‍.

Advertisement