ബേണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് സമാനമായ ഉപഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ സാധാരണമാണെന്ന് പുതിയ കണ്ടെത്തല്‍. സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയറെറ്റിക്കല്‍ ഫിസിക്‌സിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

ഭൂമിയുടെ ചരിത്രത്തിലെന്നോ ചൊവ്വാഗ്രഹത്തിനു സമാനമായ മറ്റൊരുഗ്രഹം ഇടിച്ചതിന്റെ ഫലമായി പൊട്ടിത്തെറിച്ചുണ്ടായതാണ് ചന്ദ്രന്‍ എന്നാണ് പൊതുവായി അംഗീകരിക്കപ്പെട്ട സിദ്ധാന്തം. ഭൂമിയുടെ പിണ്ഡത്തിന്റെ പകുതിയില്‍ കൂടുതല്‍ പിണ്ഡമുള്ളതും ചന്ദ്രന്റെ വലിപ്പത്തിന്റെ പകുതിയില്‍ കൂടുതല്‍ വലിപ്പമുള്ളതുമായ ആകാശീയ ഗോളങ്ങള്‍ ഇനിയും ഉണ്ടെന്നാണ് സൂറിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണ്ടെത്തല്‍.

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളിലും ഇത്തരം ചന്ദ്രന്മാര്‍ സാധ്യമാണെന്നാണ് സൂറിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനായ സെബാസ്റ്റ്യന്‍ എല്‍സര്‍ പറയുന്നത്. ഭൂമിയെ അതിന്റെ അച്ചുതണ്ടില്‍ ചരിഞ്ഞു നില്‍ക്കാന്‍ സഹായിക്കുന്നതില്‍ നമ്മുടെ ചന്ദ്രന് പങ്കുണ്ടെന്നും അത് ഭൂമിയിലെ ജൈവ പരിണാമത്തില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു