എഡിറ്റര്‍
എഡിറ്റര്‍
ഉത്തരകൊറിയ സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് പ്രസിഡന്റ് മൂണ്‍ ജേ ; കൊറിയന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ എന്തിനും തയ്യാര്‍
എഡിറ്റര്‍
Friday 12th May 2017 10:08am

പൈനോഗ്യാങ്: കൊറിയന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കാനും ചര്‍ച്ചനടത്താനും തയ്യാറാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണകൊറിയന്‍
പ്രസിഡന്റ് മൂണ്‍ ജേ.

‘ആവശ്യമെങ്കില്‍, ഉടന്‍ ഞാന്‍ വാഷിങ്ടണിലേക്കു പോകും.’ ബെയ്ജിങ്ങും ടോക്കിയോയും മാത്രമല്ല സാഹചര്യങ്ങള്‍ അനുവദിച്ചാല്‍, പ്യോങ്യാങ്ങും സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷത്തോളം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് തിരശ്ശീല വീഴ്ത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഡെമോക്രാറ്റിക് യുണൈറ്റഡ് പാര്‍ടി നേതാവും മനുഷ്യാവകാശ അഭിഭാഷകനുമായ മൂണ്‍ ജേ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അമേരിക്കന്‍ യുദ്ധകപ്പലുകളുടെ വരവോടെ കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചക്ക് തയാറാണെന്ന മൂണ്‍ ജേയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്.

ഈ വിഷയത്തില്‍ അമേരിക്കയ്ക്ക് ഒപ്പം ചൈനയുമായും ആത്മാര്‍ഥമായി ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണകൊറിയയില്‍ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് വിന്യസിച്ചതിലും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണത്തെതുടര്‍ന്ന് പ്രസിഡന്റ്സ്ഥാനത്തുനിന്ന് പക് യുന്‍ ഹേ ഇംപീച്ച് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അറുപത്തിനാലുകാരനായ ജേ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ ജേണലിസ്റ്റും നാലുവട്ടം എം.പിയുമായ ലീ നാക് ഓനിനെ പുതിയ പ്രധാനമന്ത്രിയായി മൂണ്‍ ജേ പ്രഖ്യാപിച്ചു. ഉത്തര കൊറിയന്‍ നയതന്ത്രത്തില്‍ വിദഗ്ധനായ സൂ ഹൂണ്‍ ആണു രഹസ്യാന്വേഷണ ഏജന്‍സിയുടെ പുതിയ മേധാവി. കൊറിയകള്‍ തമ്മില്‍ നടന്ന രണ്ട് ഉച്ചകോടികളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഉത്തര കൊറിയയുമായി സമാധാനചര്‍ച്ചയ്ക്കു സമയമായിട്ടില്ലെന്നാണ് ഇന്നലെ ഹൂണ്‍ പറഞ്ഞത്.
കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പില്‍ 41.1 ശതമാനം വോട്ടാണു മൂണ്‍ ജേ നേടിയത്. തൊട്ടടുത്ത എതിരാളിക്കു ലഭിച്ചത് 24% വോട്ട് മാത്രമാണ്. എന്നാല്‍, പാര്‍ലമെന്റില്‍ മൂണിന്റെ പാര്‍ട്ടിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ നയപരമായ കാര്യങ്ങളില്‍ ചെറുകക്ഷികളുടെ പിന്തുണ തേടേണ്ടിവരും.

Advertisement