വാഷിങ്ടണ്‍: ആദ്യമായി ചന്ദ്രനിലെ ജലത്തിന്റെ തോത് അളന്നിരിക്കുന്നു. നാസയുടെ ഗവേഷകരാണ് ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ നമ്മള്‍ കരുതിയിരിക്കുന്നതിന്റെ നൂറിരട്ടി ജലം ചന്ദ്രനിലുണ്ടാകാമെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. അപ്പോളോ യാത്രികര്‍ 1972-ല്‍ കൊണ്ടുവന്ന ചാന്ദ്ര ശിലകളെ സൂക്ഷ്മ പഠനങ്ങള്‍ക്ക് വിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

ചാന്ദ്ര ശിലകളില്‍ കണ്ടെത്തിയ സ്ഫടിക സമാനമായ തരികള്‍ ജലസ്രോതസ്സ് അളക്കുന്നതിന്റെ മാനദണ്ഡമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ജല സമൃദ്ധമായ ഭൂമിയുടെ അകക്കാമ്പുകളിലും ഇത്തരം സ്ഫടിക ശിലകള്‍ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രനിലെ ഇത്തരം ശിലകളില്‍ ജലം കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ഗവേഷണത്തില്‍ പറയുന്നത്.

‘സയന്‍സ്’ മാസികയാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ‘ചന്ദ്രന്റ മാഗ്മയില്‍ കണ്ടെത്തിയിട്ടുള്ള പുരാതന ജലകണങ്ങള്‍ ഭൂമിയുടെ ബാഹ്യമാന്‍ിലില്‍ നിന്നും പുറംതള്ളപ്പെടുന്ന ലാവയിലുള്ളതിന് സമാനമാണ്.’-സയന്‍സ് ടീം അംഗം ജെയിംസ് വാന്‍ ഓര്‍മാന്‍ പറയുന്നു. ഭൂമി പൊട്ടിപ്പിളര്‍ന്ന് തെറിച്ചുപോയി ഉണ്ടായതാണ് ചന്ദ്രനെന്ന നിഗമനത്തെയും ഈ ഗവേഷണം ശക്തിപ്പെടുത്തുന്നു.