കൊച്ചി:മൂലമ്പിള്ളി പുനരധിവാസപാക്കേജ് നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്ന മൂലമ്പിള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ പേരില്‍ ഭൂമി നഷ്ടപ്പെട്ടവരെ പങ്കാളികളാക്കിക്കൊണ്ടുള്ള വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സ്ഥലം വിട്ടുകൊടുത്തവരെ വിശ്വാസത്തിലെടുത്ത് പുനരധിവാസപാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രശ്‌നനിര്‍ദ്ധാരണത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളെയും ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.