തിരുവനന്തപുരം:മൂലമ്പിള്ളി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള കേസ് പിന്‍വലിച്ചാലുടന്‍ പട്ടയം നല്‍കുമെന്നും മന്ത്രി അറിയിച്ചു.27 കുടുംബങ്ങളെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധികളെയും ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഇന്ന് തിരുവനന്തപുരത്തുചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്ന മൂലമ്പിള്ളിയില്‍ കഴിഞ്ഞയാഴ്ച മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.