ന്യൂയോര്‍ക്ക്: പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ എസ് ആന്‍ഡ് പി ക്കും ഫിച്ചിനും പിന്നാലെ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസും സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തി. വായ്പാ പ്രതിസന്ധിയെ തുടര്‍ന്നാണ് റേറ്റിങ് എഎ2ല്‍ നിന്ന് എ1ലേക്ക് കുറച്ചത്. 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മൂഡീസ് സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കുന്നത്.

സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കാനൂള്ള സ്‌പെയിനിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാവും ക്രഡിറ്റ് റേറ്റിംഗിലെ ഇടിവ്. 2010ല്‍ 9.3 ശതമാനം രേഖപ്പെടുത്തിയ പൊതുകടം ജി.ഡി.പിയുടെ ആറ് ശതമാനമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സ്‌പെയിന്‍. എന്നാല്‍ ഇതിന് സ്പാനിഷ് സര്‍ക്കാറിന് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌പെയിനില്‍ തുടരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുമാണ് പൊതുകടം ഉയരാന്‍ കാരണമായി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്നാം തവണയും സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറയ്്ക്കാന്‍ തീരുമാനിച്ചത്. AA യില്‍ നിന്ന് AA മൈനസിലേക്കാണ് താഴ്ത്തിയത്. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന് പിന്നാലെ സ്‌പെയിനിന്റെ റേറ്റിംഗ് കുറക്കാന്‍ മറ്റൊരു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചും തീരുമാനിച്ചിരുന്നു.

അതേസമയം, സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മക്കും കുത്തകകളുടെ ആര്‍ത്തിക്കുമെതിരെ അമേരിക്കയുടെ വ്യാപാര തലസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് തെരുവില്‍ ഉടലെടുത്ത പ്രക്ഷോഭത്തിന്റെ അലയൊലികള്‍ സ്‌പെയിനിലും കണ്ടുതുടങ്ങിയിട്ടുണ്ട്.