ന്യൂദല്‍ഹി: ദിവസം 32 രൂപ വരുമാനമുള്ളവരെ ബി.പി.എല്‍ പട്ടികയില്‍ നിന്നു ഒഴിവാക്കുന്ന ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്തു സാമൂഹ്യപ്രവര്‍ത്തക അരുണാ റോയ് രംഗത്തെത്തി. ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയ്ക്കും മുകളില്‍ ലഭിക്കുന്നവരെല്ലാം പുതിയ മാനദണ്ഡമനുസരിച്ച് ബി.പി.എല്‍ പട്ടികയില്‍ നിന്നു പുറത്താകുന്ന നിര്‍ദേശമാണ് ആസൂത്രണ കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.

എന്നാല്‍ ദിവസം 26 മുതല്‍ 32 രൂപയ്ക്കു ജീവിച്ചുകാണിക്കാന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയെ അരുണാ റോയ് വെല്ലുവിളിച്ചു. ഈ നിസാര തുകയ്ക്കു ഒരു വ്യക്തിയ്ക്കു ജീവിക്കാമെന്നു ഏതു മാനദണ്ഡം ഉപയോഗിച്ചാണ് നിര്‍ണയിച്ചതെന്ന് വിശദീകരിക്കുന്നതുവരെ ഇത്രയും തുക മാത്രം ചെലവാക്കി ജീവിക്കണമെന്നാണ് മൊണ്ടേക് സിംഗിനു അരുണാ റോയ് അയച്ച തുറന്ന കത്തിലെ ആവശ്യം.

Subscribe Us:

ഒരു വ്യക്തിയുടെ ദൈന്യംദിന ചെലവുകള്‍ ഭക്ഷണം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു 26 മുതല്‍ 32 രൂപ വരെ മതിയെന്നു നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ തുകയുടെ 115 ശതമാനം കൂടുതല്‍ എന്തിനാണ് ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ക്കു നല്‍കുന്നതെന്ന് കത്തില്‍ ചോദിക്കുന്നു.

സൗജന്യ താമസസൗകര്യത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമെയാണ് ഇവര്‍ ഇത്രയും വലിയ തുക കൈപറ്റുന്നത്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കുകയോ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മൊണ്ടേക് സിംഗ് രാജിവെക്കുകയോ ചെയ്യണമെന്ന് അരുണാ റോയ് ആവശ്യപ്പെട്ടു.