തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ സംഹാരതാണ്ഡവം തുടരുന്നു. അഞ്ചുദിവസത്തോളമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് 11 മരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. വന്‍തോതിലുള്ള കൃഷിനാശവുമുണ്ടായിട്ടുണ്ട്.

ഒരു കുട്ടിയുള്‍പ്പടെ രണ്ടുപേരാണ് മലപ്പുറത്ത് മരിച്ചത്. മലപ്പുറം ജില്ലയില്‍ കാല്‍വഴുതിവീണ് ഒഴുക്കില്‍പ്പെട്ട സ്‌കൂള്‍വിദ്യാര്‍ത്ഥിനിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലാണ് ഏറ്റവുംകൂടുതല്‍ മഴ ലഭിച്ചത്.മെയ് 27 മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നാലരക്കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളത്. ഇതേറ്റവുംകൂടുതല്‍ ബാധിച്ചത് ഇടുക്കി ജില്ലയെയാണ്.

ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാനിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ജൂണ്‍ 5 വരെ കനത്തമഴയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏഴിനുശേഷം മഴയുടെ ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.