തൃശ്ശൂര്‍: ലക്ഷക്കണക്കിന് രൂപയുടെ ചിട്ടിക്കാശുമായി ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മുങ്ങിയ ആള്‍ പിടിയിലായി. അബൂദാബിയിലെ അല്‍ഐനില്‍ നിന്നും ചിട്ടി പണമായ ഒരു കോടി രൂപയോളം രൂപയുമായി മുങ്ങിയ തൃശ്ശൂര്‍ പെരുങ്ങോട്ടുകര സ്വദേശി പ്രേമനാണ് പിടിയിലായത്. ഗള്‍ഫില്‍ നിന്നും പണവുമായി പ്രേമന്‍ നാട്ടിലേക്ക് മുങ്ങിയതിനു പിന്നാലെ ഇയാളെ തിരഞ്ഞ് നാട്ടിലെത്തിയവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഒരു ഉത്സവപറമ്പില്‍ വെച്ച് പ്രേമനെ പിടികൂടിയത്. ഇവര്‍ ഇയാളെ വലപ്പാട് പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

അല്‍ ഐനിലുള്ള വെല്‍കം ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്നു പ്രേമന്‍. നാലു വര്‍ഷത്തോളമായി ഇയാള്‍ ചിട്ടി നടത്തി വരികയായിരുന്നു. കൃത്യമായി ചിട്ടി നടത്തി പണം തിരിച്ചേല്‍പ്പിച്ച് ഇയാള്‍ ജോലി ചെയ്യുന്നിടത്തെ മലയാളികളുടെയെല്ലാം വിശ്വാസ്യത നേടിയിരുന്നു. വിശ്വാസ്യതയുടെ പേരില്‍ രേഖകളൊന്നുമില്ലാതെയാണ് ചിട്ടിക്ക് പണം നല്‍കിയത്. ഇത്തവണ ചിട്ടിക്ക് പിരിച്ച കാശുമായി ഒരു സുപ്രഭാതത്തില്‍ പ്രമേന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കടക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ ഇയാളെ പിടിക്കാനായി നാട്ടിലെത്തി, ഇയാള്‍ താമസിക്കുന്ന പരിധിയിലുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പലയിടങ്ങളിലായി ഇയാള്‍ക്ക് വേണ്ടി വഞ്ചിക്കപ്പെട്ടവര്‍ തന്നെ അന്വേഷണം നടത്തി വരവെയാണ് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ പിടിയിലാകുന്നത്.

പിടിക്കപ്പെട്ടെങ്കിലും ആരുടെയും പണം ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടില്ല. ഇയാളുടെ കൈവശം തങ്ങളുടെ പണമൊന്നും ഇല്ലെന്നും പണം ഇയാള്‍ പല കാര്യങ്ങളിലായി നിക്ഷേപിച്ചിരിക്കുകയാണെന്നും പണം നഷ്ടപ്പെട്ട ശിയാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ശിയാസിന് നഷ്ടപ്പെട്ടത് മൂന്ന് ലക്ഷം രൂപയാണ്. പ്രമേനെ പിടികൂടിയതറിഞ്ഞ് വഞ്ചിക്കപ്പെട്ടവരില്‍ നാട്ടിലുള്ളവരെല്ലാം വലപ്പാട് പോലീസ് സ്‌റ്റേഷനിലെത്തിയിട്ടുണ്ട്.

വഞ്ചിക്കപ്പെട്ടവരില്‍ കൂടുതലും മലപ്പുറം ജില്ലക്കാരാണ്. വീടു പണിക്കും കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി മാറ്റിവെച്ച പണമാണ് പല പ്രവാസികള്‍ക്കും നഷ്ടമായത്. പ്രേമന്റെ തട്ടിപ്പിനരയായ തിരുവനന്തപ്പുരം സ്വദേശി വഞ്ചിനയില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ടു. പ്രേമനെ പിടികൂടിയെങ്കിലും തങ്ങളുടെ പണം തിരികെ ലഭിക്കുമോ എന്ന ആശങ്ക ഇപ്പോഴും വഞ്ചിക്കപ്പെട്ട പ്രവാസികള്‍ക്കുണ്ട്.

Malayalam news

Kerala news in English