തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാമണി കാറപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കന്നഡ ചിത്രം ‘അന്ന ബോണ്ടി’ന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ബംഗ്ലുരുവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള മുതാടി കാടുകളായിരുന്നു ലൊക്കേഷന്‍.

അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ലൊക്കേഷനിലേക്ക് പോകവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. പ്രിയാമണി ഉള്‍പ്പെടെ കാറിലുള്ളവരെല്ലാം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ തകര്‍ന്ന നിലയിലാണ്.

പുനീത് രാജകുമാര്‍, ജാക്കിഷ്രഫ്, നിധി സുബൈദ് എന്നിവരാണ് അന്ന ബോണ്ടില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ദൈവത്തിന്റെ കാരുണ്യം കൊണ്ട് ആര്‍ക്കും ഒന്നും പറ്റിയില്ല’ എന്നാണ് അപകടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയ  പറഞ്ഞത്.

പരുത്തിവീരനിലൂടെ ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി അടുത്തി കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നിലയിലാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിലെന്താണ് തെറ്റ് എന്നാണ് നടി പ്രതികരിച്ചത്. കന്നഡയില്‍ നിന്ന് തനിക്ക് നല്ല അവസരങ്ങള്‍ ധാരാളം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രതിഫലവും സിനിമ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകമാണ്. എന്നാല്‍ പ്രതിഫലം മാത്രം നോക്കി സിനിമക്ക് ഡേറ്റ് നല്‍കാറില്ല.  സംവിധായകന്‍, ചിത്രത്തിന്റെ തിരക്കഥ, ബാനര്‍, സഹതാരങ്ങള്‍ എന്നിവയൊക്കെ നോക്കി മാത്രമേ സിനിമ തിരഞ്ഞെടുക്കാറുള്ളൂവെന്നും നടി വ്യക്തമാക്കി.