indian currency കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദപ്രചാരണ ദിവസമായിരുന്ന ഇന്നലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കിയതായി ആക്ഷേപം. പണത്തിനൊപ്പം മദ്യവുമൊഴുക്കി വോട്ടുപിടുത്തം നടന്നതായാണ് സൂചന.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ആര്‍.ഐ അക്കൗണ്ടുകളില്‍ നിന്നുള്ള പണനീക്കം ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
കൊച്ചിയിലെ ഒരു എന്‍.ആര്‍.ഐ ബിസിനസുകാരന്റെ അക്കൗണ്ടില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ രണ്ടരക്കോടി രൂപ പിന്‍വലിച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മുക്കാല്‍കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തിട്ടുണ്ട്.

കാസര്‍കോട് പറളത്തുനിന്ന് 30 ലക്ഷം, ഉദുമയില്‍ നിന്ന് 17 ലക്ഷം , ചാലക്കുടി, വാളയാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴര ലക്ഷം വീതം എന്നിവയടക്കമാണ് 75 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്. എന്നാല്‍, ഇത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കരുതിവെച്ചതാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ ലഭിക്കുന്ന പണമൊഴുക്ക് നിരീക്ഷിക്കുന്നതിന് ആദായ നികുതി വകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ നിരീക്ഷണത്തിലാണ് കൊച്ചിയിലെ പ്രമുഖ എന്‍.ആര്‍.ഐയുടെ അക്കൗണ്ടില്‍ നിന്ന് രണ്ടരക്കോടിയോളം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയത്.

കാട്ടാക്കട മണ്ഡലത്തിലെ ചൂണ്ടുപലക, തൂങ്ങാംപാറ, മണ്ണാംകോണം എന്നീ സ്ഥലങ്ങളിലെ വോട്ടര്‍മാര്‍ക്ക് പണം വിതരണം നടത്തിയ മൂന്നുപേരെയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ഇന്നലെ കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.

ദിവസങ്ങള്‍ക്കു മുമ്പ് പല കേന്ദ്രങ്ങളിലും എത്തിച്ചു സൂക്ഷിച്ച പണം ഇന്നലെയാണു താഴേത്തട്ടില്‍ വിതരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരുടെ കൈകളിലെത്തിയത്. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്ന മുന്നറിയിപ്പിനേത്തുടര്‍ന്നു തിരൂര്‍ റവന്യൂ ഡിവിഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വൈലന്‍സ് ടീം നടത്തിയ പരിശോധനയില്‍ കല്‍പകഞ്ചേരിയില്‍നിന്നു 3,20,000 രൂപ പിടിച്ചെടുത്തു. തോരപ്പറമ്പില്‍ ഷാനവാസില്‍നിന്നു രണ്ടുലക്ഷം രൂപയും മയ്യേരി മുഹമ്മദ്കുട്ടിയില്‍നിന്നു 1,20,000 രൂപയുമാണു പിടിച്ചെടുത്തത്. കാറില്‍ കൊണ്ടുപോകുകയായിരുന്നു പണം.

വയനാട് കല്‍പ്പറ്റ മണ്ഡലത്തിലെ എസ്.ജെ.ഡി. സ്ഥാനാര്‍ഥി എം.വി ശ്രേയാംസ്‌കുമാറിന്റെ ഏജന്റുമാര്‍ സ്വര്‍ണം പൂശിയ മോതിരവും 2000 രൂപയും വോട്ടര്‍മാര്‍ക്കു നല്‍കിയെന്ന് എല്‍.ഡി.എഫ്. വരണാധികാരിക്കു പരാതി നല്‍കിയിട്ടുണ്ട്.

ശ്രേയാംസിന്റെ ചിഹ്നം മോതിരമാണ്. റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദേശപ്രകാരം എ.ഡി.എം. ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കി. അനധികൃത മദ്യം പിടിച്ചെടുത്തതിന്റെയും അളവില്‍ കൂടുതല്‍ മദ്യം ശേഖരിച്ചതിന്റെയും പേരില്‍ നൂറിലധികം കേസുകളാണ് എക്‌സൈസ് കഴിഞ്ഞദിവസങ്ങളില്‍ ചാര്‍ജ് ചെയ്തത്. കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച മാത്രം 12 കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ പൂങ്കുളത്ത് കുടിക്കാന്‍ പാകത്തില്‍ വെള്ളം ചേര്‍ത്തു കവറുകളില്‍ സൂക്ഷിച്ച സ്പിരിറ്റും കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ തനി സ്പിരിറ്റും പിടികൂടി. കൊല്ലത്തെ ഒരു തുരുത്തില്‍നിന്നു വാറ്റുപകരണങ്ങളും കോടയും കണ്ടെത്തി.