എഡിറ്റര്‍
എഡിറ്റര്‍
ആദിവാസിപ്പെണ്‍കുട്ടിയെ അപമാനിച്ചു: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ
എഡിറ്റര്‍
Wednesday 27th November 2013 9:09am

women

ഇംഫാല്‍: പത്തൊന്‍പതുകാരിയായ ആദിവാസിപ്പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് അപമാനിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത  സംഭവത്തെ തുടര്‍ന്ന് മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ.

ചരചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. പ്രതികളായ മൂവരെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രക്ഷോഭം നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് നൂറ് റൗണ്ടിലേറെ വെടിയുതിര്‍ത്തു.

നേരത്തെ നാട്ടുകാര്‍ പ്രതികളെ മര്‍ദ്ദിച്ചവശരാക്കിയിരുന്നു. പ്രതികളില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നിസാര്‍ മാലിക്, മുഹമ്മദ് തിരാബീര്‍ എന്നിവര്‍ പ്രദേശത്തെ കോണ്‍ട്രാക്ടറായ മുഹമ്മദ് തോയ്ബയുടെ കീഴില്‍ ജോലിക്കെത്തിയവരാണ്.

മാലിക്കും തോയ്ബയും പെണ്‍കുട്ടിയെ അടുക്കളയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നും കരഞ്ഞുകൊണ്ട് പുറത്തേയ്‌ക്കോടിയ പെണ്‍കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ നാട്ടുകാരാണ് പ്രതികളെ പിടികൂടിയതെന്നും അറിയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതികളെ മര്‍ദ്ദിക്കുകയായിരുന്നു.

പ്രതികള്‍ സ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്ന വാന്‍ ജനങ്ങള്‍ അടിച്ചുതകര്‍ത്തു. ജനങ്ങളില്‍ നിന്നും പ്രതികളെ രക്ഷിച്ചെടുത്ത പൊലീസ് ഇവരെ ജില്ലയില്‍ തന്നെയുള്ള മറ്റൊരു സ്റ്റേഷനിലേയ്ക്ക് മാറ്റി.

രാത്രിയോടു കൂടി രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ വളയുകയായിരുന്നു. പ്രതികള്‍ അവിടെയില്ലെന്നറിഞ്ഞ ജനം സ്‌റ്റേഷന് നേരെ കല്ലെറിയുകയും തീ വെയ്ക്കാനൊരുങ്ങുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചു വിടാനായി പൊലീസിന് നൂറിലേറെ തവണ വെടിയുതിര്‍ക്കേണ്ടി വന്നു.

സ്ഥിതി സംഘര്‍ഷഭരിതമാണെങ്കിലും നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ മൂവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അടുത്തിടെയായി അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും പ്രദേശത്തെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

Advertisement