എഡിറ്റര്‍
എഡിറ്റര്‍
എസ് ആന്റ് പി പറയുന്നതുപോലുള്ള സാമ്പത്തിക സുനാമി ഇവിടെയില്ല: വീരപ്പമൊയ്‌ലി
എഡിറ്റര്‍
Thursday 28th June 2012 2:04pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച ആഗോള റേറ്റിംഗ് ഏജന്‍സികള്‍ക്കു കേന്ദ്ര കമ്പനികാര്യ മന്ത്രി എം. വീരപ്പമൊയ്‌ലിയുടെ ശക്തമായ വിമര്‍ശനം. ഏജന്‍സികളുടെ വിമര്‍ശനം സാമ്പത്തിക കാര്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് പറഞ്ഞ മന്ത്രി സ്റ്റാന്റേര്‍ഡ് ആന്റ് പുവര്‍ പറയുന്നതുപോലെ സാമ്പത്തിക സുനാമിയൊന്നും ഇവിടെയുണ്ടാട്ടില്ലെന്നും വ്യക്തമാക്കി.

ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഘടകങ്ങളുടെ സ്വാധീനമുണ്ടെന്നു തെളിഞ്ഞിരിക്കുകയാണ്. ഇത് അസ്വീകാര്യവും അനിഷ്ടകരവുമാണ്.  വളരെ ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ നേതൃത്വത്തിനെതിരേയുള്ള ഏജന്‍സികളുടെ വിമര്‍ശനം അവരുടെ വിഷയത്തിനുള്ളില്‍ നിന്നുകൊണ്ടുള്ളതാണെന്നു കരുതാനാവില്ല. ഇക്കാര്യത്തില്‍ ചില സാമ്പത്തിക അളവുകള്‍ അവര്‍ പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ് ആന്റ് പി പറയുന്നതുപോലെയുള്ള സാമ്പത്തിക സുനാമി ഇവിടെയുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങള്‍ അത്ര നല്ലതായിരുന്നില്ലെന്നു മാത്രം. അതിനര്‍ഥം സാമ്പത്തിക സുനാമിയെന്നല്ല. ഒരു സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തിയ എസ് ആന്റ് പി സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്ക് കാബിനറ്റ് പദവിയില്ലെന്നും രാഷ്ട്രീയമായി സ്വാധീനമില്ലാത്ത, തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രിയാണു സര്‍ക്കാരിനെ നയിക്കുന്നതെന്നും ഏജന്‍സി കുറ്റപ്പെടുത്തിയിരുന്നു.

Advertisement