കൊല്‍ക്കത്ത: ദേശീയ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ മോഹന്‍ ബഗാനെതിരെ കേരളത്തിന്റെ ചിരാഗ് യുണൈറ്റഡ് കേരളയ്ക്ക് തോല്‍വി. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷം വരെ പൊരുതിയാണ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ചിരാഗ് തോല്‍വി സമ്മതിച്ചത്. ചിരാഗിന്റെ ആദ്യതോല്‍വിയാണിത്. ആദ്യമല്‍സരത്തില്‍ ചിരാഗ് ബാംഗ്ലൂര്‍ എച്ച്എഎലിനെ 1-0നു കീഴടക്കിയിരുന്നു.

ബഗാന്റെ തുടര്‍ച്ചയായ രണ്ടാംജയമാണിത്. ആദ്യമല്‍സരത്തില്‍ പൈലാന്‍ ആരോസിനെ 3-1നു ബഗാന്‍ തോല്‍പിച്ചിരുന്നു. ആറു പോയിന്റുമായി ഡെംപോ ഗോവയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്താണ് ബഗാനിപ്പോള്‍. ചിരാഗിന് മൂന്ന് പോയിന്റുണ്ട്. സമനിലയെങ്കിലും ഉറപ്പായിരുന്ന മത്സരത്തിലാണ് ചിരാഗ് തോല്‍വി വഴങ്ങിയത്. ഗോള്‍രഹിതമായിരുന്നു ആദ്യപകുതിക്ക് ശേഷം 50ാം മിനിറ്റില്‍ ഒഡാഫ ഒക്കോലിയിലൂടെ ബഗാനാണ് ആദ്യ ഗോള്‍ നേടിയത്.

Subscribe Us:

ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ചിരാഗ് 17 മിനിറ്റുകള്‍ക്കകം ഗോള്‍ മടക്കി സ്വന്തം തട്ടകത്തില്‍ ബഗാന് വേണ്ടി ആര്‍ത്ത്് വിളിച്ച ആരാധകരെ ഞെട്ടിച്ചു.
67ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്ന് സലീല്‍ നല്‍കിയ ക്രോസ് കണക്ട് ചെയ്ത ഓസ്‌ട്രേലിയക്കാരന്‍ മൈക്കല്‍ മട്രീഷ്യാനി, ബഗാന്‍ ഡിഫന്‍ഡറെ വെട്ടിയൊഴിഞ്ഞ് പന്ത് സംഗ്രാം മുഖര്‍ജിയുടെ മുകളിലൂടെ തോണ്ടി വലയിലേക്കിട്ടു.

എന്നാല്‍ ചിരാഗിന്റെ സന്തോഷം അധികം നീണ്ടില്ല. 84ാം മിനിറ്റില്‍ ഹോസെ ബാരറ്റോ ബഗാന്റെ വിജയഗോള്‍ കണ്ടെത്തി. ബോക്‌സിന് തൊട്ടുമുന്നില്‍ ബാരറ്റോയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്കില്‍നിന്നാണ് ബാരറ്റോ ഗോള്‍ കണ്ടെത്തിയത്. ചിരാഗ് താരങ്ങള്‍ കിക്ക് പ്രതിരോധിക്കാന്‍ മതില്‍ തീര്‍ത്തെങ്കിലും ബാരറ്റോയുടെ ഷോട്ട് ഗോളി ശരത്തിനെ തീര്‍ത്തും പരാജയപ്പെടുത്തി വലയില്‍ കയറി.