എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിന്റെ ലോക്പാലിന് രാഷ്ട്രീയവുമായി ബന്ധമില്ല
എഡിറ്റര്‍
Wednesday 12th September 2012 2:25pm

‘റണ്‍ ബേബി റണ്‍’ നുശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോക്പാല്‍. ചിത്രത്തിന് പേര് പുറത്തുവിട്ടപ്പോള്‍ തന്നെ അഴിമതിയും രാഷ്ട്രീയ സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളിലേതിന് സമാനമായ വേഷമാണ് ലാല്‍ ചെയ്യുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Ads By Google

എന്നാല്‍ ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ലോക്പാലിന്റെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറയുന്നത്. രാഷ്ട്രീയ സംഭവങ്ങളുമായോ ലോക്പാല്‍ ബില്ലുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് സ്വാമി പറയുന്നത്.

‘ അടിസ്ഥാനപരമായി ഒരു ത്രില്ലറാണിത്. ഈ ചിത്രത്തിലെ നായകന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. ചിത്രത്തിനുവേണ്ടി പല പേരുകളും ഞങ്ങള്‍ പരിശോധിച്ചു. ലോക്പാലാണ് ഏറ്റവും യോജിക്കുകയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രേക്ഷകരുമായി എളുപ്പം സംവദിക്കാന്‍ കഴിയുന്ന കാലിക പ്രാധാന്യമുള്ള പേര് എന്ന നിലയില്‍ മാത്രമാണ് ലോക്പാല്‍ തിരഞ്ഞെടുത്തത്. ഈ ചിത്രത്തിന് അണ്ണാ ഹസാരെയുടെ പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും’ സ്വാമി പറഞ്ഞു.

ഈ ചിത്രത്തിന്റെ കഥ ഒരു വര്‍ഷം മുമ്പ് താന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നെന്നും അദ്ദേഹത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പോന്ന വേഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തമായ രീതിയില്‍ പറയുന്ന പോലീസ്- കള്ളന്‍ കഥയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നാടുവാഴികള്‍ എന്ന ചിത്രത്തിനുശേഷം ജോഷിയും സ്വാമിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലോക്പാല്‍.

ലോക്പാലിന്റെ ചിത്രീകരണം സെപ്റ്റംബര്‍ അവസാനം കൊച്ചിയില്‍ ആരംഭിക്കും. ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

Advertisement