എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്റെ അമ്മയുടെ നെഞ്ചിലെ സങ്കടക്കടല്‍ എനിക്ക് മനസിലാവും: ടി.പി വധത്തെക്കുറിച്ച് മോഹന്‍ലാല്‍
എഡിറ്റര്‍
Monday 21st May 2012 1:15pm

 

കൊച്ചി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ലാല്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍ എന്നാണ് കുറപ്പിന് പേരിട്ടിരിക്കുന്നത്. ലാലിന്റെ പിറന്നാള്‍ ദിനത്തിലെ പോസ്റ്റ് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

ഈ വര്‍ഷത്തെ തന്റെ പിറന്നാള്‍ ദിനത്തില്‍ സങ്കടത്തിന്റെ മഴക്കാറുകള്‍ മൂടിയിരിക്കുന്നുവെന്ന് പറഞ്ഞാണ് ലാല്‍ തുടങ്ങുന്നത്. രണ്ട് അമ്മമാരെക്കുറിച്ചുള്ള ഓര്‍മകളാണ് തന്റെ ദു:ഖത്തിന് കാരണമെന്നും ലാല്‍ പറയുന്നു.

‘ ഒന്ന് ബ്രെയിന്‍ അറ്റാക്ക് വന്ന് മൂന്ന് മാസമായി ബോധം മാഞ്ഞുകിടക്കുന്ന എന്റെ അമ്മ. പിന്നെ മുഖത്ത് അമ്പതിലധികം വെട്ടുകള്‍ ഏറ്റുവാങ്ങി മരിച്ചു വീണ ടി.പി ചന്ദ്രശേഖരന്റെ അമ്മ….’ ലാല്‍ എഴുതുന്നു.

‘ അദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല, പത്രങ്ങളില്‍ വായിച്ച പരിമിതമായ അറിവേയുള്ളൂ. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഏകദേശം എന്റെ പ്രായമായിരിക്കും. ആ അമ്മയ്ക്കും എന്റെ അമ്മയുടെ വയസ്സുണ്ടാകും’ മോഹന്‍ലാല്‍ പറയുന്നു.

തനിക്ക് നോവുമ്പോള്‍ അമ്മയുടെ മനസ് വേദനിക്കുന്നത് എത്രയോ തവണ അറിഞ്ഞിട്ടുണ്ട്. അപ്പോള്‍ കൊത്തിനുറക്കപ്പെട്ട മകനെയോര്‍ത്തിരിക്കുന്ന ആ അമ്മയുടെ നെഞ്ചിലെ സങ്കടക്കടലും തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് ലാല്‍ പറയുന്നു.

ചന്ദ്രശേഖരന്റെ കൊലയാളികളെ മനുഷ്യരെന്ന് പേരിട്ട് വിളിക്കാന്‍ പറ്റാത്ത ഒരു സംഘം എന്നാണ് ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഇതിലെ രാഷ്ട്രീയമൊന്നും ഞാന്‍ പറയുന്നില്ല. എനിക്ക് അറിയില്ല. പക്ഷെ ഒന്നു പറയുന്നു, കൊല്ലുകയും, കൊല്ലിക്കയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു….’ എന്ന് പറഞ്ഞ് കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ എന്ന ആശങ്കയും ലാല്‍ പങ്കുവയ്ക്കുന്നു.

Advertisement