മലയാള സിനിമയുടെ അഭിമാനം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കന്നഡയിലേക്ക്. രവി ശ്രീവാസ്തയുടെ പുതിയ പ്രൊജക്ടില്‍ നായകസ്ഥാനത്തേക്ക് മോഹന്‍ലാലിനെയാണ് പരിഗണിക്കുന്നതെന്നാണറിയുന്നത്.

Ads By Google

രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ചിത്രം. ചിത്രത്തില്‍ നായകകഥാപാത്രം ചെയ്യാന്‍ സംവിധായകന്‍ ലാലിനെ സമീപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ഓഫര്‍ സ്വീകരിച്ചോയെന്നറിയില്ല.

തെന്നിന്ത്യന്‍ താരം നമിതയാണ് ചിത്രത്തില്‍ നായികയുടെ റോളിലെത്തുന്നത്. തന്റെ സിനിമാ ജീവിതത്തിനിടയില്‍ ഒരു കന്നഡ ചിത്രത്തില്‍ മാത്രമാണ് ലാല്‍ വേഷമിട്ടത്. 2004ല്‍ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാലിന്റെ കന്നഡ അരങ്ങേറ്റം. ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറായാണ് ലാല്‍ പ്രത്യക്ഷപ്പെട്ടത്.

ഒളിമ്പിക്‌സ് കാണാനായി മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലേക്ക് പോയിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തിയശേഷമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവൂയെന്നാണ് കന്നഡ ഫിലിംമേക്കര്‍ മുനിരത്‌ന പറയുന്നത്.

‘ ഈ ചിത്രത്തില്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യാനാകുമെന്നാണ് എന്റെ പ്രതീക്ഷ. എന്നാല്‍ ഡീല്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ല. 20 ദിവസത്തിനുശേഷമേ ഇക്കാര്യത്തില്‍ എനിക്ക് സ്ഥിരീകരണം നല്‍കാനാവൂ’ മുനിരത്‌ന പറഞ്ഞു.

20 ദിവസത്തിനുശേഷമേ മോഹന്‍ലാല്‍ ലണ്ടനില്‍ നിന്നും തിരിച്ചെത്തൂ. തിരിച്ചെത്തിയാലുടന്‍ മേജര്‍ രവിയുമായുള്ള കര്‍മോദയ എന്ന ചിത്രത്തിനാവും ലാല്‍ പ്രാമുഖ്യം നല്‍കുക.