തൃശൂര്‍: സുകുമാര്‍ അഴീക്കോടിനെതിരായ അപകീര്‍ത്തിക്കേസ് സംബന്ധിച്ച് നടന്‍ മോഹന്‍ലാല്‍ ജൂലൈ 22 ന് കോടതിയില്‍ ഹാജരാകണമെന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്നും എന്തോ കുഴപ്പമുണ്ടെന്നും മോഹന്‍ലാല്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന്  സുകുമാര്‍ അഴീക്കോട് ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് നടന് കോടതിയില്‍ ഹാജരാവേണ്ടത്.

മെയ് 19 നു ഹാജറാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്കിനെത്തുടര്‍ന്ന് 22 ലേക്ക് മാറ്റുകയായിരുന്നു. ഈ കേസില്‍ മോഹന്‍ലാലിന് ഹാജരാകാനുള്ള അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.

കേരളവര്‍മ കോളേജ് മലയാളവിഭാഗം മേധാവി പ്രൊഫസര്‍ വി.ജി തമ്പി, എഴുത്തുകാരന്‍ കടങ്ങോട് പ്രഭാകരന്‍ എന്നീ രണ്ടു സാക്ഷികളും അഴീക്കോടും കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു.

ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്ന ആളാണ് താനെന്നും മതിഭ്രമം എന്ന വാക്ക് പ്രയോഗിക്കുകവഴി തന്റെ സല്‍പ്പേരും വിശ്വാസ്യതയും നശിപ്പിച്ചെന്നുമാണ് അഴീക്കോടിന്റെ വാദം.

മോഹന്‍ലാലിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും അഴീക്കോട് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.