എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണക്കടത്ത്: മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡ് പരസ്യത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യം
എഡിറ്റര്‍
Wednesday 27th November 2013 12:55pm

mohanlal--malabar-2

കോട്ടയം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചലിച്ചിത്രതാരം മോഹന്‍ലാലിന് കത്ത്.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് കത്തയച്ചത്. ഹേമമാലിനി, കരീന കപൂര്‍, സൂര്യ തുടങ്ങിയവര്‍ക്കും ഇദ്ദേഹം കത്തയച്ചിട്ടുണ്ട്.

ലഫ്റ്റനന്റ് കേണല്‍ പദവിയും പത്മശ്രീ പുരസ്‌കാരവും നേടിയിട്ടുള്ള മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്.

വിവിധ വിഷയങ്ങളില്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം സാരോപദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാല്‍ ഈ വിഷയത്തില്‍ മൗനം വെടിയണം.

സാമൂഹ്യപ്രതിബദ്ധതതയും ദേശസ്‌നേഹവും വാക്കുകളില്‍ പ്രകടിപ്പിക്കാറുള്ള മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ പേര് പ്രതിസ്ഥാനത്ത് വന്നപ്പോള്‍ തന്നെ പരസ്യത്തില്‍നിന്നും പിന്‍മാറേണ്ടതായിരുന്നു.

ഇനിയും പരസ്യത്തില്‍ തുടരുകയെന്നത് കള്ളക്കടത്തിനെ ന്യായീകരിക്കുന്നതിന് തുല്യമാണ്.

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടേണ്ട കേസില്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനത്തിനു പരസ്യത്തിനായി നില്‍ക്കുകയെന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്.

സൈനിക പദവി വഹിക്കുന്ന ആളെന്ന നിലയില്‍ ലാലിന്റെ നടപടി ഗൗരവകരമായി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, കേന്ദ്രപ്രതിരോധമന്ത്രി എന്നിവര്‍ക്കും എബി ജെ. ജോസ് പരാതി നല്‍കി.

മലബാര്‍ ഗോള്‍ഡിനെ കുറ്റവിമുക്തമാക്കുംവരെ പരസ്യത്തില്‍ ലാല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Advertisement