എഡിറ്റര്‍
എഡിറ്റര്‍
അപ്പച്ചന്‍ ലാലിന് സമ്മാനമായി നല്‍കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചിത്രീകരിച്ച ക്യാമറ
എഡിറ്റര്‍
Tuesday 24th April 2012 3:17pm

കൊച്ചി: നവോദയ അപ്പച്ചന്‍ തനിക്ക് പിതാവിനെപ്പോലെയാണെന്ന് നടന്‍ മോഹന്‍ലാല്‍. ആദ്യ സിനിമയും ഇപ്പോള്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമയും അദ്ദേഹത്തിനു മുന്നിലായത് എന്റെ മഹാഭാഗ്യമാണ്. മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ എന്നെ ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചത് അദ്ദേഹമാണ്. ഏറ്റവുമൊടുവില്‍ അഭിനയിച്ച സ്പിരിറ്റ് സിനിമയും ഉദയ സ്റ്റുഡിയോയില്‍ അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് അഭിനയിച്ച് തീര്‍ത്തത്. പോരുമ്പോള്‍ അദ്ദേഹം നല്‍കിയ സമ്മാനം ജീവിതത്തിലെ ഏറ്റവും അമൂല്യനിധിയായിരുന്നു.’ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.

തന്നെ ആദ്യമായി സെല്ലുലോയ്ഡില്‍ എത്തിച്ച ക്യാമറയായിരുന്നു അദ്ദേഹം എനിക്ക് സമ്മനമായി തന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് സ്പിരിറ്റ് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാലിന് നവോദയ അപ്പച്ചന്‍ താന്‍ സൂക്ഷിച്ചുവെച്ചിരുന്ന ആരി ടു സി ക്യാമറ കൈമാറിയത്. പുതുമുഖങ്ങളെവെച്ച് നിര്‍മിക്കുന്ന മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ പകര്‍ത്തുന്നത് പുതിയ ക്യാമറയില്‍ വേണമെന്ന് അപ്പച്ചന് നിര്‍ബന്ധമുണ്ടായിരുന്നു.

ജര്‍മനയില്‍ പോയാണ് അദ്ദേഹം ക്യമാറ വാങ്ങിയത്. താന്‍ മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ക്യാമറ, തനിക്ക് കൈമാറിയപ്പോള്‍ വലിയൊരു നിയോഗം പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദമായിരുന്നു അദ്ദേഹത്തിനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയിലെ വിപ്ലവകാരിയായിരുന്നു അപ്പച്ചന്‍. ജീവിതം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്ത മഹാത്മാവ്. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement