എഡിറ്റര്‍
എഡിറ്റര്‍
പിണറായിയെ മാതൃകയാക്കാന്‍ കുട്ടികളോട് മോഹന്‍ലാല്‍
എഡിറ്റര്‍
Monday 11th November 2013 12:43am

lalpinarayi

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പൊതുവേദിയില്‍ നടന്‍ മോഹന്‍ലാലിന്റെ പ്രശംസ. കുട്ടികള്‍ക്കായി ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം ക്വിസ്സിന്റെ സമാപന വേദിയിലാണ് പിണറായിയെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

ജീവിതപ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നേറാന്‍ പിണറായിയെ മാതൃകയാക്കാനായിരുന്നു ഉപദേശ രൂപേണ ലാല്‍ കേള്‍വിക്കാരായ ബഹുഭൂരിപക്ഷം വരുന്ന കുട്ടികളോട് പറഞ്ഞത്.

കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്ത് അഗ്‌നി പരീക്ഷകളെ അതിജയിക്കാന്‍ പിണറായി വിജയനെ ഉദാഹരണമാക്കാന്‍ ലാല്‍ പ്രസംഗത്തിനിടെ കുട്ടികളോട് പറഞ്ഞു.

നിരവധി അഗ്നി പരീക്ഷകള്‍ വിജയിച്ച പിണറായിക്ക് ഇനിയും അഗ്നി പരീക്ഷകള്‍ ജയിക്കാനാവുമെന്നും അതിനുള്ള ഇച്ഛാശക്തിയും അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ടെന്നും പ്രസംഗത്തിനിടെ ലാല്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ അടുത്തിടെ കേസന്വേഷിക്കുന്ന സി.ബി.ഐയുടെ പ്രത്യേക കോടതി പിണറായിയടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവ് പുറപ്പെടുച്ചിരുന്നു.

ഈ സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ലാലിന്റെ പ്രശംസ. പിണറായിക്ക് എല്ലാ വിജയാശംസകളും നേരാനും ലാല്‍ മറന്നില്ല.

Advertisement