വിസ്മയം എന്ന സിനിമയ്ക്ക് ആരെങ്കിലും ടിക്കറ്റെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി മോഹന്‍ലാലാണ്. മോഹന്‍ലാലിന്റെ സാന്നിധ്യം നല്‍കുന്ന മിനിമം ഗ്യാരന്റിയുടെ ഉറപ്പിലാണ് ആളുകള്‍ സിനിമയ്ക്ക് ടിക്കറ്റെടുത്തിരിക്കുക. ഒരു കംപ്ലീറ്റ് ആക്ടറുടെ വിശ്വരൂപമൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ശരാശരിയോട് അടുത്ത് നില്‍ക്കുന്ന അഭിനയവും യുക്തിക്ക് നിരക്കുന്ന ഒരു കഥയും അവരുടെ മിനിമം പ്രതീക്ഷകളല്ലേ?


FILM INN


nazar-kc| ഫിലിം റിവ്യൂ | നാസിര്‍ കെ.സി |


 

ഉറുമ്പിന് പണി കൊടുക്കാന്‍ വേണ്ടി മുളക് പൊടി ഇട്ടു വച്ച പാത്രത്തിന് മുകളില്‍ ആരോ  പഞ്ചസാര എന്ന് എഴുതിവച്ചത്രെ. വിസ്മയം എന്ന സിനിമയുടെ പോസ്റ്ററില്‍ ‘മോഹന്‍ലാല്‍ എ കംപ്ലീറ്റ് ആക്റ്റര്‍’ എന്ന് കണ്ടപ്പോള്‍ ഈ കഥയാണ് ഓര്‍മ്മ വന്നത്.

പഞ്ചസാരയാണെന്ന് കരുതി മുളക് പൊടി തിന്ന ഉറുമ്പിന്റെ അവസഥയിലായിരുന്നു വിസ്മയം എന്ന മോഹന്‍ലാല്‍ സിനിമ കാണാന്‍ കയറിയ പ്രേക്ഷകര്‍.  അവരുടെ ശരീരം മാത്രമല്ല ആത്മാവും പൊള്ളിപ്പോയിട്ടുണ്ടാകണം.

വിസ്മയം എന്ന സിനിമയ്ക്ക് ആരെങ്കിലും ടിക്കറ്റെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി മോഹന്‍ലാലാണ്. മോഹന്‍ ലാലിന്റെ സാന്നിധ്യം നല്‍കുന്ന മിനിമം ഗ്യാരന്റിയുടെ ഉറപ്പിലാണ് ആളുകള്‍ സിനിമയ്ക്ക് ടിക്കറ്റെടുത്തിരിക്കുക. ഒരു കംപ്ലീറ്റ് ആക്ടറുടെ വിശ്വരൂപമൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ശരാശരിയോട് അടുത്ത് നില്‍ക്കുന്ന അഭിനയവും യുക്തിക്ക് നിരക്കുന്ന ഒരു കഥയും അവരുടെ മിനിമം പ്രതീക്ഷകളല്ലേ?

സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര് തൊട്ട് അതിലെ ഓരോ രംഗവും കട്ട കോമഡിയാണ്. നമ്മെ ചിരിയില്‍ നിന്ന് അകറ്റി ക്കൊണ്ടു പോകുന്ന രംഗവൈകല്യങ്ങള്‍.

ഒരു സിനിമയായി മാറാനുള്ള ദയനീയമായ പരിശ്രമങ്ങളാണ് അതിലെ ഓരോ രംഗവും. അത്യാവശ്യം നന്നായി അഭിനയിക്കാനറിയാമെന്ന് പല സിനിമകളിലൂടെയും തെളിയിച്ചിട്ടുള്ള ഉര്‍വ്വശി, ഗൗതമി, ജോയ് മാത്യു എന്നിവരെ വെറും കോമാളികളാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ നേട്ടം.

പ്രണയം

യൂത്ത് ആഹ്ലാദിക്കുകയാണെന്ന് വരുത്താന്‍ ‘ഹേ, ഹെ ഹേ എന്ന ഒരു ശബ്ദം പുറപ്പെടുവിച്ചാല്‍ മതിയെന്ന് ഈ സിനിമയുടെ സംവിധായകന് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും അത് വളരെ ക്രൂരവും പൈശാചികവുമായിപ്പോയി. ഒരു ചങ്ങലകൊണ്ട് സീറ്റില്‍ പിടിച്ച് കെട്ടിയിടാതെ ഒരു പ്രേക്ഷകനെയും ഈ സിനിമയിലെ പ്രണയരംഗങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചുരുക്കത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് മത്സരിക്കാനുള്ള ധീരമായ ശ്രമങ്ങള്‍ ഈ സിനിമയിലെ പ്രണയരംഗങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നു മാത്രം പറയാം.