ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡിന് മോഹന്‍ലാലിനെ പരിഗണിച്ചിരുന്നതായി ദേശീയ ചലച്ചിത്ര ജൂറി അംഗം കെ.പി.കുമാരന്‍. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലെ അഭിനയത്തിനാണു മോഹന്‍ലാലിനെ പരിഗണിച്ചത്.

ലാലിനെ അവസാന ഘട്ടം വരെ പരിഗണിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രണയത്തില്‍ മാത്യൂസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ശരീരം തളര്‍ന്ന മാത്യൂസിനെ മികച്ച രീതിയില്‍ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരുന്നു.

പ്രണയത്തില്‍ കേന്ദ്രകഥാപാത്രം അല്ലായിരുന്നതിനാലാണ് മോഹന്‍ലാലിനെ ഒഴിവാക്കിയതെന്നാണ് കുമാരന്‍ പറയുന്നത്. സഹനടനുള്ള അവാര്‍ഡിന് മാത്രമേ മോഹന്‍ലാലിനെ പരഗണിക്കാനാകുമായിരുന്നുള്ളൂ. ലാലിനെപ്പോലൊരു നടനെ സഹനടനുള്ള അവാര്‍ഡിന് പരിഗണിക്കുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് പിന്നീട് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നുവെന്നും കെ.പി.കുമാരന്‍ പറഞ്ഞു.