സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു. ബൈക്കില്‍ നിന്നുവീണാണ് ലാലിന് പരുക്ക് പറ്റിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബാങ്കോക്കില്‍ വച്ചാണ് മോഹന്‍ലാലിന് അപകടം പറ്റിയത്.

ചിത്രീകരണത്തിനിടയില്‍ എട്ടടി ഉയരത്തില്‍ നിന്നു ബൈക്കില്‍ താഴോട്ടു വീണ ലാല്‍ അത്ഭുകരമായി രക്ഷപ്പെട്ടു. ഓടുന്ന ഒരാളെ ബാക്കില്‍ പിന്‍തുടര്‍ന്നു പിടികൂടുന്നതായിരുന്നു രംഗം. ഡ്യൂപ്പിനെ ഉപയോഗിക്കാനായി ഒരുക്കിയിരുന്നെങ്കിലും ലാല്‍ വിസ്സമ്മതിച്ചതിനാല്‍ ഉപയോഗിച്ചില്ല. വിദേശ സ്റ്റണ്ട് മാസ്റ്ററാണ് ആക്ഷന്‍ നിയന്ത്രിച്ചിരുന്നത്.

താല്‍ക്കാലിക സ്റ്റാന്റില്‍ നിന്ന് ബൈക്ക് വേഗം കൂടി തെന്നിപ്പോയതോടെയാണ് അപകടമുണ്ടായത്. മോഹന്‍ലാലിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ബാങ്കോക്കില്‍ നിന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പരുക്കേറ്റ ശേഷവും മോഹന്‍ലാല്‍ അഭിനയം തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.

ഒരുപാട് സ്ത്രീകളുമായി പ്രണയബന്ധമുള്ള ഒരു ഫ്‌ലവര്‍ മര്‍ച്ചന്റായാണ് മോഹന്‍ലാല്‍ കാസനോവയില്‍ അഭിനയിക്കുന്നത്. ഒരു ‘റൊമാന്റിക് ത്രില്ലര്‍’ എന്നാണ് ചിത്രത്തെ സംവിധായകന്‍ വിശേഷിപ്പിക്കുന്നത്. ഹോളിവുഡ് നിലവാരമുള്ള ആക്ഷന്‍ രംഗങ്ങളും റൊമാന്‍സ് മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ ഹൈലറ്റുകള്‍.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാസനോവ. ഡിസംബര്‍ 16നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.