കണ്ണൂര്‍:  ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍  ടിഎ 122ാം ബറ്റാലിയനിലെ റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാമിനായി സൈനിക കേന്ദ്രത്തിലെത്തി. പത്തുമണിയോടെ എത്തിയ മോഹന്‍ലാന്‍  ബറ്റാലിയനിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Ads By Google

കണ്ണൂര്‍ ബറ്റാലിയനിലേക്ക് പരിശീലനത്തിനായി മോഹന്‍ലാലിന്റെ രണ്ടാം വരവാണിത്. 2009 ജൂലൈയിലാണ് മോഹന്‍ലാലിന്‌ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍  പദവി നല്‍കിയത്. ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന ആദ്യ ചലച്ചിത്ര താരമാണ് മോഹന്‍ലാല്‍.

കോട്ട മൈതാനത്ത് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലും വൃക്ഷത്തൈ നടീലിലും ലാല്‍ പങ്കെടുത്തു. ഇന്ന് രാവിലെ 10 മുതല്‍ നാളെ ഉച്ചവരെ നീളുന്ന പരിശീലന പരിപാടിയാണ് മോഹന്‍ലാലിന് ഒരുക്കിയിരിക്കുന്നത്.

യുദ്ധാഭ്യാസങ്ങളിലും കായികപരിശീലനത്തിലും മോഹന്‍ലാല്‍ പരിശീലനം നേടും. റൈഫിള്‍ , ഇന്‍സാഫ് റൈഫിള്‍, മെഷിന്‍ഗണ്‍, മോട്ടോര്‍ ബോംബ്, മങ്കി റോപ്പ്, വെര്‍ട്ടിക്കല്‍ റോപ്പ് എന്നിവയിലും മോഹന്‍ലാല്‍ പരിശീലനം നടത്തും.

2010 മാര്‍ച്ച് 20 മുതല്‍ 28 വരെ നടന്ന പരിശീലനത്തിന് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും പട്ടാളക്യാമ്പിലെത്തുന്നത്. എ.കെ. 47 ഉള്‍പ്പടെയുള്ള അത്യാധുനിക തോക്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും പ്രീ കമ്മിഷന്‍ ട്രെയിനിംഗ് കമ്മിഷന്‍ ട്രെയിനിംങ്ങും ലാല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.