Administrator
Administrator
ആര്‍മിക്ക് ലാലിനെ വേണ്ട; പകരം ഗോപി
Administrator
Friday 31st December 2010 7:41pm

സീറോ അവര്‍ / ജിന്‍സി ബാലകൃഷ്ണന്‍

ഇടക്കാലത്ത് നാട്ടിലൊരു ട്രന്റുണ്ടായിരുന്നു. ഇടക്കാലത്ത് മാത്രമല്ല. ഇപ്പൊഴും ചിലയിടങ്ങളിലുണ്ട്. വലിയ പുകിലും വിപ്ലവവും വീരസാഹസികവുമൊക്കെ കാട്ടി വീട്ടുകാരുടെ എതിര്‍പ്പ് പുഷ്പം പോലെ തള്ളിക്കളഞ്ഞ് പ്രണയിനിയെ സ്വന്തമാക്കുന്ന ട്രെന്റ്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയട്ടെ, ബിരിയാണിക്ക് ഉപ്പുപോരെന്നോ, അല്ലെങ്കില്‍ വാങ്ങിത്തന്ന സാരിക്ക് വിലകുറഞ്ഞുപോയെന്നോ മറ്റോ പറഞ്ഞ് ഡിവോഴ്‌സ്. അതിനൊരു ജസ്റ്റിഫിക്കേഷനുമുണ്ട് പരസ്പരം ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ പിരിയുന്നു എന്ന്.

ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ സ്ഥിതി ഇതാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ലാലേട്ടന്‍ കീര്‍ത്തിചക്രയിലഭിനയിച്ചു. കുരുക്ഷേത്രയിലഭിനയിച്ചു. താരത്തിന്റെ ആരാധകരുടെ സിരകളില്‍ രാജ്യ സ്‌നേഹത്തിന്റെ വിത്തുകള്‍ മുളച്ചും തുടങ്ങി. എന്നാല്‍ ഇതുതന്നെ പറ്റിയ അവസരമെന്ന് വിചാരിച്ചു.

പണ്ട് പട്ടിണി കിടന്ന് ചാവുന്നതിനേക്കാള്‍ നല്ലത് അതിര്‍ത്തിയില്‍ കിടന്ന് വെടികൊണ്ട് മരിക്കുന്നതാണെന്ന് വിചാരിച്ച് പണ്ട് പല യുവാക്കളും ആര്‍മിയില്‍ ചേരുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ കാലം മാറി. കുട്ടികള്‍ ഇപ്പോള്‍ തേടുന്നത് പാഷനല്ലേ, ജോബല്ലല്ലോ, ഒരു പത്തുതലമുറയ്ക്ക് വേണ്ടതെല്ലാം പിതാവ് ഉണ്ടാക്കി വച്ചിട്ടുണ്ടാവും, കട്ടിട്ടും പിടിച്ചുപറിച്ചിട്ടും കൂടാതെ ചില മാന്യന്‍മാര്‍ മാന്യമായിട്ടും. പിന്നെ ഇതൊന്നും ഇല്ലാത്തവന് കൂലിപ്പണിയുമുണ്ടല്ലോ. അല്ലെങ്കിലും അതിര്‍ത്തിയില്‍ കിടന്ന് മഞ്ഞുകൊള്ളാന്‍ ആര്‍ക്കാ നേരം.

അങ്ങനെ പട്ടാളം എന്ന മഹാസമുദ്രം ആളില്ലാതെ വറ്റിപ്പോകുമെന്ന നിലയില്‍ നില്‍ക്കുന്ന സമയത്താണ് ലാലേട്ടന്റെ സീരീസ് പട്ടാള ചിത്രം. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍, മരിക്കാന്‍ പോലും തയാറായി കുറേ ആരാധകരും, എന്നാപ്പിന്നെ ലാലേട്ടനെയങ്ങ് ആര്‍മിയിലെടുത്താലെന്താ. ഒരു വെടിക്ക് രണ്ട് പക്ഷി, പട്ടാളക്കാരുടെ കൂട്ടത്തില്‍ ഒരു സ്റ്റാറുണ്ടാവുന്നത് അവര്‍ക്ക് തന്നെ ഒരാവേശവുമായി. പോരാത്തതിന് ലാലേട്ടന്റെ കാക്കത്തൊള്ളായിരം ആരാധകരും പട്ടാളത്തിലേക്ക്.

പക്ഷേ ടെറിറ്റോറിയല്‍ ആര്‍മിയുടെ പല ഓപ്പറേഷനുകളെയും പോലെ ഇതും പാളിപ്പോകും എന്ന നിലയിലാണിപ്പോള്‍. ചായകുടിക്കാന്‍ പോലും നേരം ലാലേട്ടനില്ല. രാപ്പകല് സിനിമ തന്നെ സിനിമ. പോരാത്തതിന് ബ്യൂട്ടിയെയും ക്വാളിറ്റിയെയും ഒരുമിപ്പിക്കണം. പിന്നെയുള്ള ഇടവേളകളില്‍ ഒരു നൂറുകൂട്ടം ജോലിയും. മലയാളികളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കണം, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ തേടിപ്പിടിച്ച് ഗോള്‍ഡ് ലോണെടുപ്പിക്കണം. അങ്ങനെ എന്തെല്ലാം എന്തെല്ലാം പരിപാടികള്‍. ആകെ ഇത്തിരി സമയം കിട്ടുന്നത് വൈകിട്ടത്തെ പരിപാടിക്കാണ്. ലോകം ഇടിഞ്ഞുപൊളിഞ്ഞു വീണാലും അതിനുമാത്രം മാറ്റം വരുത്തില്ല.

പിന്നെ സിനിമയില്ലാത്ത ചില ഞായറാഴ്ചകളില്‍ ഭക്തന്‍മാര്‍ക്ക് ആവേശം പകരണം. അതിനെ ഭജനയും പൂജയുമൊക്കെയായി സമയം പോകുന്നതറിയില്ല. ഈ തിരക്കൊക്കെയുള്ള മനുഷ്യനെ പിടിച്ച് ലഫ്റ്റിനന്റ് കേണല്‍ ആക്കുകയും ചെയ്തു. ടെറിറ്റോറിയല്‍ ആര്‍മിക്ക് എന്തും ചെയ്യാമല്ലോ, പാവം നടന്റെ വിഷമം ആര് മനസിലാക്കാന്‍.

ലാലിനെ യൂണിഫോം കിട്ടിയാല്‍ പിന്നാലെ വരുമെന്ന് പറഞ്ഞ ആരാധകര്‍ക്ക് ഇത്തവണ ലാലേട്ടനെ വേണ്ടാതായിപ്പോയി. പിന്നെ ആര്‍മിയിലുള്ളവരെ ആവേശിപ്പിക്കാനാണെങ്കില്‍ ലാലേട്ടന് ടൈം കിട്ടിയില്ല. ടെറിടോറിയല്‍ ആര്‍മിയുടെ വാര്‍ഷികാഘോഷത്തിന് പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ടൈം കിട്ടിയില്ല.

ഇതോടെ എല്ലാ പ്രതീക്ഷയും അറ്റനിലയിലാണ് പാവം ആര്‍മിക്കാര്‍. ലാലിനെയാണെങ്കില്‍ കയ്‌പ്പോളജി കാരണം ഇറിക്കിക്കൂട. മധുരിഫിക്കേഷന്‍ കാരണം തുപ്പാനും പറ്റില്ല എന്ന സ്ഥിതിയിലായി.  ഈ സാഹചര്യത്തിലാണ് പട്ടാളക്കാനാകണമെന്ന അതിയായ മോഹമുണ്ടായിട്ടും പോലീസ് മാത്രമായിട്ടുള്ള ആക്ഷന്‍ ഹീറോ, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നമ്മുടെ സാക്ഷാല്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം.

ടെറിട്ടോറിയല്‍ ആര്‍മിയുടെ കണ്ണൂരിലെ നൂറ്റിയിരുപത്തി രണ്ടാം ബറ്റാലിയന്റെ ആസ്ഥാനത്തുനടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ ആനന്ദാശ്രുവോ, അല്ലെങ്കില്‍ ഒറിജിനല്‍ അശ്രുവോ രണ്ടുമല്ലെങ്കില്‍ നക്രബാഷ്പമോ എന്താണ് തന്റെ കണ്ണില്‍ നിന്ന് വന്നതെന്ന് ഗോപിപോലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. ആഘോഷം അടിപൊളിയാക്കിയില്ലേ സുരേഷ് ഗോപി! ടെറിറ്റോറിയല്‍ ആര്‍മിയുടെ കണ്ണുതള്ളിപ്പോയി എന്നു പറയേണ്ടതില്ലല്ലോ.

സുരേഷ് ഗോപി പങ്കെടുത്തശേഷം ചില ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ലാലേട്ടനെ ആര്‍മിയിലെടുത്തപോലെ സുരേഷേട്ടനെയും എടുക്കാനുള്ള പരിപാടിയുടെ ഭാഗമാണിതെന്നാണ് വെപ്പ്. എന്തായാലും കാത്തിരുന്ന് കാണാം.


പട്ടാള സ്‌നേഹം മൂത്ത് പഴുത്ത് കിടക്കുന്ന സുരേഷ് ഗോപി ഇനിയൊരു വിളി കേള്‍ക്കാനേ ആഗ്രഹിക്കുന്നുള്ളൂ. അത് ടെറിറ്റോറിയല്‍ ആര്‍മിയില്‍ നിന്നാവണം. അത് ലഫ്റ്റിനന്റ് കേണല്‍ സുരേഷ് ഗോപിയെന്നാവേണമേ എന്നുള്ള പ്രാര്‍ത്ഥനമാത്രമേ ഇനി ബാക്കിയുള്ളൂ.

Advertisement