തൃശൂര്‍: സുകുമാര്‍ അഴീക്കോട് നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ മോഹന്‍ലാലിന് ജാമ്യം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോഹന്‍ലാലിന് ജാമ്യം അനുവദിച്ചത്. മോഹന്‍ലാലിനുവേണ്ടി അലക്‌സ് കെ. ബാബു, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ജാമ്യം നിന്നത്.

അഴീക്കോടിന് ചിത്തഭ്രമമാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയാണ് കേസിന് ആധാരം. നടന്‍ തിലകനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായ വിവാദത്തില്‍ അഴീക്കോട്, തിലകന്റെ പക്ഷം ചേര്‍ന്നു സംസാരിച്ചത് ഒടുവില്‍ മോഹന്‍ലാല്‍- അഴീക്കോട് വാക്പയറ്റായി മാറുകയായിരുന്നു.

അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്നും എന്തോ കുഴപ്പമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സുകുമാര്‍ അഴീക്കോട് ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് നടന് കോടതിയില്‍ ഹാജരാവേണ്ടത്. ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്ന ആളാണ് താനെന്നും മതിഭ്രമം എന്ന വാക്ക് പ്രയോഗിക്കുകവഴി തന്റെ സല്‍പ്പേരും വിശ്വാസ്യതയും നശിപ്പിച്ചെന്നുമാണ് അഴീക്കോടിന്റെ വാദം.

മോഹന്‍ലാലിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും അഴീക്കോട് ഹരജിയില്‍ ആവശ്യപ്പെട്ടത്.