പ്രിയദര്‍ശനം മോഹന്‍ലാലും ഒന്നിക്കുന്ന അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രത്തിന്റെ പേരുമാറ്റി. ഒരു മരുഭൂമിക്കഥ എന്നാണ് പുതിയ പേര്. ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന പേര് അറബികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഗള്‍ഫ് മലയാളികള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുമെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പേരുമാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.

അതേസമയം, ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ ചിത്രീകരണം അന്തിമഘട്ടത്തിലാണ്. മോഹന്‍ലാലിനു പുറമേ ഒട്ടകമായി മുകേഷും അറബിയായി ശക്തി കപൂറും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ച പ്രിയദര്‍ശന്‍ നിര്‍മ്മാതാക്കളിലൊരാള്‍ കൂടിയാണ്. അശോക് കുമാര്‍, നവി ശശിധരന്‍, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്‍ അല്‍ മു അയ്‌നി എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍.

പൂര്‍ണമായും അബുദാബിയില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും. ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍. സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്‍ ക്യാമറയും സാബു സിറിള്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.