Categories

അവന്‍ ഒരിക്കലും അങ്ങനെ ആകരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; മകനെ കുറിച്ച് മോഹന്‍ലാല്‍

തന്റെ മകന്‍ ആരെങ്കിലും ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അവന്‍ എന്താകരുത് എന്നതിനെക്കുറിച്ചു മാത്രമാണു താന്‍ ആലോചിച്ചതെന്നും ലാല്‍ പറയുന്നു.

ബൈക്ക് അടക്കം അപകടത്തിന്റെതായ വലിയൊരു ലോകം അവന്റെ മുന്നിലുണ്ടായിരുന്നു. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ. അവന് അതില്‍ എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണു സന്തോഷം. അവിടെക്കൊന്നും പോകരുതെന്നു മാത്രമാണു ആഗ്രഹിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകകയായിരുന്നു ലാല്‍.

മകനെന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയില്‍ അപ്പുവിനെ കുറിച്ച് എന്തു തോന്നിയിട്ടുണ്ട് എന്ന ചോദ്യത്തിന് അപ്പു സ്ഫടികംപോലെ സുതാര്യമാണെന്നു തോന്നിയിട്ടുണ്ടെന്നായിരുന്നു ലാലിന്റെ മറുപടി.


Dont Miss അന്വേഷണം ഈ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകേണ്ടത്: സെന്‍കുമാറിനെ തള്ളി എ.ഡി.ജി.പി സന്ധ്യയെ പ്രശംസിച്ച് ബെഹ്‌റ


ശരിയല്ലെന്നു തോന്നുന്നത് അവന്‍ ചെയ്യില്ല. അതിനായി കള്ളം പറയില്ല. നുണപറഞ്ഞു എന്തെങ്കിലും ചെയ്യാമെന്നു ഒരിക്കലും കരുതിയിട്ടുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് ഞങ്ങള്‍ക്കു നല്‍കാവുന്ന ചില സൗകര്യങ്ങളുണ്ട്. അതൊന്നുമില്ലെങ്കിലും സുഖമായി അപ്പു ജീവിക്കുന്നുണ്ട്. അവന്റെ യാത്രകളില്‍ ഒരിക്കല്‍പ്പോലും എനിക്കു നല്‍കാവുന്ന സൗകര്യങ്ങള്‍ അവന്‍ അനുഭവിച്ചിട്ടില്ലെന്നും ലാല്‍ പറയുന്നു.

ഞാന്‍ എന്താകണമെന്നു എന്റെ അച്ഛന്‍ ആഗ്രഹിച്ചതായി പറഞ്ഞിട്ടില്ല. ഒരു ഡിഗ്രി വേണമെന്നു അച്ഛന്‍ പറഞ്ഞിരുന്നു. അതുപോലും എനിക്കു അപ്പുവിനോടു പറയേണ്ടി വന്നില്ല. അവന്‍ അതിലേക്കു വഴി സ്വയം തിരഞ്ഞെടുത്തു.

കുട്ടിക്കാലത്തു മുതലെ അപ്പു ഹോസ്റ്റലിലാണു വളര്‍ന്നത്. ഒരു മുറിയില്‍ ഒതുങ്ങുന്ന സാധാരണ ജീവിതമാണു അവന്‍ അനുഭവിച്ചത്. ഞാന്‍ അഭിനയിച്ച സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും അവന്‍ തിരഞ്ഞെടുത്തത് വളരെ പരിമിതമായ സൗകര്യമാണ്. അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു. കൂടുതല്‍ വേണമെന്നവന്‍
പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ ചോദിച്ചിട്ടുമില്ല.- മോഹന്‍ലാല്‍ പറയുന്നു.

ഞാന്‍ എന്റെ മക്കള്‍ക്കു നല്‍കിയ സ്വാതന്ത്ര്യം അവര്‍ ശരിയായ വഴിക്ക് ഉപയോഗിച്ചു എന്നാണെനിക്കു തോന്നുന്നത്. ജീവിതത്തിന്റെ വില അവന്‍ മനസ്സിലാക്കി എന്നു തോന്നുന്നു. എന്റെ കുട്ടികള്‍ എന്റെ ലോകത്തു ജീവിക്കണമെന്നു ഞാന്‍ കരുതിയിട്ടില്ല. അവര്‍ക്കു അവരുടെ ലോകം വേണമെന്നെ കരുതിയിട്ടുള്ളു.

ഞാന്‍ സിനിമയില്‍ ജീവിക്കാന്‍ വേണ്ടി വന്നുപോയ ആളല്ല. എന്താണെന്നു നോക്കി തിരിച്ചുപോകാന്‍ വന്നയാളാണ്. അപ്പോഴേക്കും എനിക്കു സിനിമകള്‍ വന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നു. അപ്പുവും അഭിനയിക്കാന്‍ വേണ്ടി വന്നയാളല്ല. അഭിനയിച്ചു നോക്കാന്‍വന്നതാണ്. അവനു ശരിയല്ലെന്നു തോന്നുന്ന നിമിഷം അവന്‍ വേറെ ഏതെങ്കിലും മേഖലയിലേക്കു കടക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

Tagged with: